
പല്ലെകേലെ: അന്താരാഷ്ട്ര ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് സഞ്ജു സാംസണ്‍. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമായിരിക്കുയാണ് സഞ്ജു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു നേടിയത്. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.
അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമതായി സഞ്ജു. ഒമ്പത് മത്സരങ്ങളില്‍ 317 റണ്‍സ് നേടിയ കിഷനാണ് രണ്ടാം സ്ഥാനത്ത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. 35.22 ശരാശരിയും 193.29 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികളും കിഷന്റെ അക്കൗണ്ടിലായി. സഞ്ജു ആവട്ടെ അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രമാണ് കളിച്ചത്. 80.25 ശരാശരി മലയാളി താരത്തിനുണ്ട്. 199.37 സ്‌ട്രൈക്ക് റേറ്റും. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്‌സും നേടി. കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങില്‍ 242 റണ്‍സാണ് സൂര്യ നേടിയത്.
ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ സഞ്ജു രണ്ടാം സ്ഥാനത്താണ് നിലവില്‍. പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാനാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക ഇങ്ങനെ.
1. സാഹിബ്സാദ ഫര്‍ഹാന്‍ (പാകിസ്ഥാന്‍): 383 റണ്‍സ് (2026)
2. വിരാട് കോലി (ഇന്ത്യ): 319 റണ്‍സ് (2014)
3. തിലകരത്‌ന ദില്‍ഷന്‍ (ശ്രീലങ്ക): 317 റണ്‍സ് (2009)
4. ബാബര്‍ അസം (പാകിസ്ഥാന്‍): 303 റണ്‍സ് (2022)
5. മഹേല ജയവര്‍ധനെ (ശ്രീലങ്ക): 302 റണ്‍സ് (2010)
ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി ജയിംസ് നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!