
ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഡൽഹിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പൊരുന്ന തുല്യ ദുഖിതരാണ് ഇരു ടീമുകളും. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. അവസാന കളിയിൽ ജയിച്ചാണ് ഡൽഹിയും ചെന്നൈയും നേർക്കുനേർ ഇറങ്ങുന്നത്.
കെ എൽ രാഹുൽ പാതും നിസങ്ക ഓപ്പണിംഗ് ജോഡി ഫോമിലേക്ക് എത്തിയതിനൊപ്പം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷ. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ സ്പിൻ ജോഡികൂടി താളം കണ്ടെത്തണം. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് റണ്ണടിക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണിന്‍റെ സമ്മർദം കുറയും. കഴിഞ്ഞ തവണ ഡല്‍ഹിയെ നേരിട്ടപ്പോള്‍ സഞ്ജു 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണ വീണ്ടും സഞ്ജുവിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഉറ്റുനോക്കുന്നത്.
മധ്യ നിരയിൽ റൺസിനായി ആശ്രയിക്കുന്നത് ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ് എന്നീ യുവതാരങ്ങളെ. ശിവം ദുബേയുടെ കൂറ്റൻ ഷോട്ടുകൾ സ്കോർ ബോർഡിൽ നിർണായകമാകും.യുവതാരങ്ങളെ. ബൗളിംഗ് പ്രതീക്ഷ അൻഷുൽ കംബോജ്, ജെയ്മി ഓവർട്ടൻ, നൂർ അഹമ്മദ്, എന്നിവരിൽ. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിമൂന്നാമത്തെ മത്സരം. ചെന്നൈ ഇരുപതിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു.
ചെന്നൈ നിരയിൽ എം എസ് ധോണിയെ കാണാൻ ആരാധകർ ഇനിയും കാത്തിരിക്കണമെന്നാണ് റിപ്പോർട്ട്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെയും ധോണി കളിക്കില്ല. ധോണി ടീമിനൊപ്പം ഡൽഹിയിലേക്ക് വന്നിട്ടില്ല. കാലിന് പരിക്കേറ്റ ധോണി ചെന്നൈയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് സി എസ് കെയ്ക്ക് ഇനി ശേഷിക്കുന്നത്. സീസണില്‍ ഇതുവരെ ഒരു മത്സരത്തിൽ പോലും ധോണി കളിച്ചിട്ടില്ല. സീസൺ അവസാനിക്കും മുൻപ് ധോണി ടീമിലെത്തുമെന്നാണ് സി എസ് കെ മാനേജ്മെന്‍റ് ഇപ്പോൾ പറയുന്നത്. ഈമാസം പത്തിന് ലക്നൗവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. 2025 മെയ് 25 ന് ഗുജറാത്തിന് എതിരെയാണ് ധോണി അവസാനമായി ഐപിഎല്ലിൽ കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!