ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്, മുൻ ക്യാപ്റ്റൻ എംഎസ് ധോണി എന്നിവരുമായി വരും ദിവസങ്ങളിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

ചെന്നൈ: ഐപിഎല്ലിൽ നീണ്ട 17 വർഷം ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിച്ചശേഷം പടിയിറങ്ങിയ സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് തേടുന്നത് വിദേശ പരിശീലകനെ തന്നെയെന്ന് റിപ്പോ‍ർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി ഫ്ലെമിംഗ് ചുമതലയേറ്റതിനെ തുടർന്നാണ് സിഎസ്‌കെ പുതിയ പരിശീലകനെ തേടുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

താരങ്ങളുടെ കൈമാറ്റത്തെക്കുറിച്ചോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനെക്കുറിച്ചോ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും, പരിശീലകനെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യമെന്നും കാശി വിശ്വനാഥൻ പറഞ്ഞു. നിരവധി പ്രമുഖ പരിശീലകർ താൽപര്യം പ്രകടിപ്പിച്ച് മാനേജ്‌മെന്‍റിനെ സമീപിച്ചിട്ടുണ്ടെന്നും എല്ലാവരുമായി ചർച്ച ചെയ്ത് ഉടൻ തന്നെ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎസ്കെ സിഇഒ കാശി വിശ്വനാഥനും ടീം ഡയറക്ടർ രൂപ ഗുരുനാഥും ചേർന്നാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്, മുൻ ക്യാപ്റ്റൻ എംഎസ് ധോണി എന്നിവരുമായി വരും ദിവസങ്ങളിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. പുതിയ കോച്ചിന്‍റെ കൂടി നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും വരാനിരിക്കുന്ന സീസണിലേക്കുള്ള ടീം രൂപീകരണം.

അതേസമയം, ഫ്ലെമിംഗിന്‍റെ പകരക്കാരനായി മൂന്ന് പ്രമുഖ വിദേശ താരങ്ങളുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇംഗ്ലണ്ട് വൈറ്റ്-ബോൾ ടീം പരിശീലകനും മുൻ ന്യൂസിലൻഡ് നായകനുമായ ബ്രെണ്ടൻ മക്കല്ലമാണ് ഇതിൽ മുൻപന്തിയിലുള്ളത്. മുൻപ് സിഎസ്കെ താരമായിരുന്ന മക്കല്ലം, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ സിഎസ്കെയുടെ ബാറ്റിങ് പരിശീലകനായി തുടരുന്ന ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസിയാണ് മറ്റൊരു പ്രമുഖൻ. ടീം ഡ്രസ്സിംഗ് റൂമിലെ പരിചയസമ്പത്തും മാനേജ്‌മെന്റുമായുള്ള അടുത്ത ബന്ധവും ഹസിക്ക് മുൻതൂക്കം നൽകുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ അൽബി മോർക്കലാണ് പരിഗണനയിലുള്ള മറ്റൊരാൾ. സിഎസ്കെയുടെ തുടക്കകാലത്തെ പ്രമുഖ താരമായിരുന്ന മോർക്കലിനെ അടുത്തിടെ സിഎസ്കെയുടെ സൗത്ത് ആഫ്രിക്കൻ ലീഗ് ഫ്രാഞ്ചൈസിയായ ജോഹ്നാസ്ബർഗ് സൂപ്പർ കിങ്സിന്‍റെ മുഖ്യപരിശീലകനായി നിയമിച്ചിരുന്നു. 2009 മുതൽ 2026 വരെ സിഎസ്കെയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും നയിച്ചതിന് ശേഷമാണ് ഫ്ലെമിംഗ് ചെന്നൈയുടെ പടിയിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക