
കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ ഉയര്‍ന്ന വംശീയ അധിക്ഷേപത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നല്‍കി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.
ഞായറാഴ്ച കൊല്‍ക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു ഇന്ത്യയുടെ വിജയശില്‍പിയായതിന് പിന്നാലെയാണ് എക്സില്‍ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സഞ്ജുവിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: 'കറുത്ത ശക്തികൾക്കെ കറുത്ത ശക്തികളെ തോൽപ്പിക്കാൻ കഴിയു, നന്നായി കളിച്ചു സഞ്ജു സാംസൺ' എന്നായിരുന്നു വിൻഡീസ് താരങ്ങളെയും സഞ്ജുവിനെയും ഒരേപോലെ ലക്ഷ്യം വെച്ചുള്ള ഈ വംശീയ പരാമർശം.
എക്സിലിട്ട പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സഞ്ജുവിന്റെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റിനെതിരെ ആരാധകർ രംഗത്തെത്തി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെയാണ് അവർ പ്രതിഷേധം അറിയിച്ചത്.
ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല. കേരളത്തിന്‍റെ അഭിമാനമായ സഞ്ജു സാംസണെ ലക്ഷ്യമിട്ട് ഇത്രയും മോശം കമന്‍റിട്ട അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു കോൺഗ്രസ് എക്സില്‍ കുറിച്ചത്. മത്സരശേഷം സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ താൻ നിലവിൽ സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് സഞ്ജു വെളിപ്പെടുത്തിയിരുന്നു.
എന്‍റെ കഴിവുകളിൽ ഞാൻ വിശ്വസിച്ചു. ഫോണും സോഷ്യൽ മീഡിയയും ഓഫ് ചെയ്ത് എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്രയും പ്രധാനപ്പെട്ടൊരു മത്സരത്തിൽ ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്നായിരുന്നു സഞ്ജു പറഞ്ഞത്. ബാഹ്യമായ വിമർശനങ്ങളോ അധിക്ഷേപങ്ങളോ തന്‍റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ താരം പുലർത്തിയ ജാഗ്രതയെ ആരാധകർ പ്രശംസിക്കുന്നുണ്ടെങ്കിലും, സഞ്ജുവിനെതിരെയുള്ള സൈബർ ബുള്ളിയിംഗിൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!