
ദില്ലി: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക എന്നതാണ് പരിശീലകൻ ഗൗതം ഗംഭീറിനെയും ടീം മാനേജ്മെന്‍റിനെയും അലട്ടുന്നത്.
ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഓപ്പണിംഗിലും ടോപ്പ് ഓർഡറിലും മാറ്റങ്ങൾക്ക് സാധ്യതയേറെയാണ്. നെറ്റ്സ് പരിശീലനത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നതിന്‍റെ സൂചനയാണ്. വെള്ളിയാഴ്ച ബാറ്റിംഗ് പരിശീലനം കഴിഞ്ഞ് ഏറ്റവും ഒടുവിൽ മൈതാനം വിട്ടത് സഞ്ജുവായിരുന്നു.
ദുലീപ് ട്രോഫി ഫൈനലിന് തൊട്ടുപിന്നാലെ എത്തിയ വൈഭവ് സൂര്യവംശി നെറ്റ്സിൽ ജസ്പ്രീത് ബുംറയുടെ പന്തുകൾ നേരിടാൻ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കൗമാരതാരം സൂര്യവംശിക്ക് വിശ്രമം നൽകി, ടി20 ലോകകപ്പിലെ ഓപ്പണിംഗ് സഖ്യമായ അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലേക്ക് ഇന്ത്യ തിരിച്ചെത്താനാണ് സാധ്യത.
ടീം മാനേജ്‌മെന്‍റിന്‍റെ ആദ്യ പരിഗണനയും ഈ സഖ്യത്തിന് തന്നെയാണ്. എന്നാൽ വെള്ളിയാഴ്ച പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്കേറ്റത് ആശങ്കയുണർത്തുന്നുണ്ട്. കിഷൻ ആദ്യ മത്സരത്തിൽ നിന്ന് പുറത്താകുകയാണെങ്കിൽ സഞ്ജുവും വൈഭവ് സൂര്യവംശിയും ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും. അങ്ങനെ വന്നാൽ സഞ്ജു മാത്രമാകും ടീമിലെ ഏക വിക്കറ്റ് കീപ്പർ. വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു ഓപ്പണറായോ മൂന്നാം നമ്പറിലോ ഇറങ്ങിയേക്കാം. വാഷിംഗ്ടൺ സുന്ദറിനെ മൂന്നാം നമ്പറിലേക്ക് ഗൗതം ഗംഭീർ പ്രൊമോട്ട് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ശ്രേയസ് അയ്യർ, തിലക് വർമ്മ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ എന്നിവരടങ്ങുന്ന മിഡിൽ ഓർഡർ ശക്തമാണെങ്കിലും താരങ്ങളുടെ സമീപകാല ഫോം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബൗളിംഗിൽ വിശ്രമത്തിന് ശേഷം തിരികെയെത്തുന്ന ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് പേസ് നിര നയിക്കും. സ്പിൻ നിരയിൽ രവി ബിഷ്ണോയിയെക്കാൾ അറ്റാക്കിംഗ് ഓപ്ഷനായ വരുൺ ചക്രവർത്തിക്ക് ഗംഭീർ മുൻഗണന നൽകാനാണ് സാധ്യത.
ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ / വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ, തിലക് വർമ്മ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!