WI vs IND : സഞ്ജു തുടരും, ബൗളിംഗില്‍ മാറ്റമുറപ്പ്; രണ്ടാം ഏകദിനത്തിലെ സാധ്യതാ ഇലവന്‍

By Jomit JoseFirst Published Jul 23, 2022, 9:07 PM IST
Highlights

ആദ്യ ഏകദിനത്തില്‍ തിളങ്ങിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍മാരായ മുഹമ്മദ് സിറാജും ഷര്‍ദുല്‍ ഠാക്കൂറും സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പ്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര(WI vs IND ODIs) പിടിക്കാന്‍ ടീം ഇന്ത്യ(Indian National Cricket Team) നാളെ ഇറങ്ങുകയാണ്. പോർട്ട് ഓഫ് സ്പെയ്‌നിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍(Queen's Park Oval) വൈകിട്ട് ഏഴിനാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം(West Indies vs India 2nd ODI) മത്സരം. ആദ്യ ഏകദിനത്തില്‍ ജയിച്ചെങ്കിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍(Sanju Samson) തുടരാനാണ് സാധ്യത. 

ഒരു മാറ്റം ഉറപ്പ്

ആദ്യ ഏകദിനത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍റെയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും മൂന്നാമന്‍ ശ്രേയസ് അയ്യരുടേയും ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മൂവരും വീണ്ടും കരുത്താര്‍ജിച്ചാല്‍ ഇന്ത്യക്ക് ആശങ്കകള്‍ കുറയും. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണും തിളങ്ങാനായിരുന്നില്ല. പിന്നാലെ ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും അണിനിരക്കുന്ന ബാറ്റിംഗ് ലൈപ്പില്‍ മാറ്റത്തിന് സാധ്യതയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ രണ്ടാം ഏകദിനത്തിലും കളിക്കാനാണ് സാധ്യത. എന്നാല്‍ ബൗളിംഗില്‍ നിര്‍ണായക മാറ്റത്തിന് സാധ്യതയുണ്ട്. 

ആദ്യ ഏകദിനത്തില്‍ തിളങ്ങിയ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍മാരായ മുഹമ്മദ് സിറാജും ഷര്‍ദുല്‍ ഠാക്കൂറും സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പ്. മൂവരും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയിരുന്നു. എന്നാല്‍ അടിവാങ്ങിക്കൂട്ടിയ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം ആവേശ് ഖാനോ അര്‍ഷ്‌ദീപ് സിംഗിനോ ഇന്ത്യ അവസരം നല്‍കും. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് വിക്കറ്റൊന്നും നേടിയിരുന്നില്ല. സിറാജിന്‍റെയും ചാഹലിന്‍റേയും പ്രകടനം രണ്ടാം ഏകദിനത്തിലും നിര്‍ണായകമാകും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ/ആവേശ് ഖാന്‍/അര്‍ഷ്‌ദീപ് സിംഗ്. 

ആവേശകരമായ ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്ന് റൺസിന് ജയിച്ചിരുന്നു. ഇന്ത്യയുടെ 309 റൺസ് പിന്തുട‍ർന്ന വിൻഡീസിന് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 305 റൺസെടുക്കാനേ കഴിഞ്ഞൂള്ളൂ. 97 റൺസെടുത്ത ക്യാപ്റ്റൻ ശിഖ‌‌‍ർ ധവാനാണ്(97) ടോപ് സ്കോറർ. ശുഭ്‌മാൻ ഗില്ലും(64), ശ്രേയസ് അയ്യരും(54) അർധസെഞ്ചുറി നേടിയിരുന്നു. 75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്(54), ഷംറ ബ്രൂക്സ്(46), റൊമാരിയോ ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരും വിന്‍ഡീസ് നിരയില്‍ തിളങ്ങി. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറിലെ മാച്ച് വിന്നിംഗ്‌ സേവുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ ഏവരുടേയും കയ്യടി വാങ്ങിയിരുന്നു. 

ജയിച്ചാല്‍ പരമ്പര, ലോക റെക്കോര്‍ഡ്, ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം നാളെ


 

click me!