സഞ്ജുവിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി പാഴായി, നാലാം ടി20യില്‍ വിന്‍ഡീസിനെതിരെ അടിതെറ്റി ഇന്ത്യ, തോല്‍വി 24 റണ്‍സിന്

Published : Oct 14, 2026, 11:12 PM IST
Sanju Samson

Synopsis

23 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 25 പന്തില്‍ 43 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 20 പന്തില്‍ 41 റണ്‍സടിച്ചു.

ഹൈദരാബാദ്:മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഫിഫ്റ്റിയുമായി മിന്നുന്ന തുടക്കം നല്‍കിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 24 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് 19.4 ഓവറില്‍ 223ന് ഓള്‍ ഔട്ടായി. അവസാന ബാറ്ററായ അര്‍ഷ്ദീപ് സിംഗിന് അവസാന ഓവറില്‍ ബാറ്റിംഗിനിടെ ഷമാര്‍ ജോസഫിന്‍റെ പന്ത് കൊണ്ട് തോളിന് പരിക്കേറ്റതിനാല്‍ റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.

23 പന്തില്‍ 56 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 25 പന്തില്‍ 43 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 20 പന്തില്‍ 41 റണ്‍സടിച്ചു. അഭിഷേക് ശര്‍മ(24 പന്തില്‍ 29), ശ്രേയസ് അയ്യര്‍(11 പന്തില്‍ 16), ഇഷാന്‍ കിഷൻ(3 പന്തില്‍ 6), നമൻ ധിര്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വിന്‍ഡീസിനായി കീമോ പോള്‍ 40 റണ്‍സിന് 5 വിക്കറ്റുമായി ഇന്ത്യയെ എറിഞ്ഞിട്ടു. ഗുഡകേഷ് മോടി വിന്‍ഡീസിനായി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിൻഡീസ് ഇന്ത്യക്കൊപ്പമെത്തി(2-2). പരമ്പരയിലെ അവസാന ടി20 ബെംഗളൂരുവില്‍ ശനിയാഴ്ച നടക്കും. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറിൽ 247-3, ഇന്ത്യ 19.3 ഓവറില്‍ 223ന് ഓള്‍ ഔട്ട്.

വെടിക്കെട്ട് തുടക്കമിട്ട് സഞ്ജു

റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. അഭിഷേക് ശര്‍മയെ മറുവശത്ത് വെറും കാഴ്ചക്കാരനാക്കി സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ മൂന്നോവറിൽ ഇന്ത്യ 50 റണ്‍സ് പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വേഗേമേറിയ അര്‍ധസെഞ്ചുറിയാണിത്. റോസ്റ്റണ്‍ ചേസ് എറിഞ്ഞ ആദ്യ ഓവറില്‍ 7 റണ്‍സ് മാത്രമായിരുന്നു ഇന്ത്യ നേടിയിരുന്നത്. എന്നാല്‍ ഷമാര്‍ ജോസഫ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു റോസ്റ്റണ്‍ ചേസ് എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 25 റണ്‍സ് അടിച്ചു. മൂന്നോവര്‍ കഴിയുമ്പോള്‍ സഞ്ജു 18 പന്തില്‍ 47 റണ്‍സും അഭിഷേക് ഒരു പന്തില്‍ ഒരു റണ്‍സുമായിരുന്നു.

നാലാം ഓവറില്‍ 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു അഞ്ചാം ഓവറില്‍ കീമോ പോളിനെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെ തകര്‍പ്പൻ ക്യാച്ചില്‍ പുറത്തായി. 23 പന്തില്‍ 56 റണ്‍സടിച്ച സഞ്ജു നാല് സിക്സും ആറ് ഫോറും പറത്തി. സിക്സ് അടിച്ചു തുടങ്ങിയ ഇഷാന്‍ കിഷനെയും അതേ ഓവറില്‍ കീമോ പോള്‍ മടക്കിയതോടെ ഇന്ത്യ ഞെട്ടി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഭിഷേക് ശര്‍മയും പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം ഓവറില്‍ സ്കോര്‍ 95ൽ നില്‍ക്കെ ശ്രേയസിനെ മടക്കി ഷമര്‍ സ്പ്രിംഗ‍ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു. അഭിഷേകും തിലകും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും പതിവ് ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന അഭിഷേക് ശര്‍മ ഗുഡകേഷ് മോടി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ 24 പന്തില്‍29 റണ്‍സെടുത്ത് മടങ്ങി. തൊട്ടടുത്ത പന്തില്‍ നമൻ ധിറിനെ(0) കൂടി മടക്കി മോടി ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ ആറാം വിക്കറ്റില്‍ തിലക് വര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് 32 പന്തില്‍ 70 റണ്‍സടിച്ച് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. അവസാന നാലോവറില്‍ 59 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറില്‍ ഇന്ത്യ 200 കടന്നതിന് പിന്നാലെ തിലക് വര്‍മ(25 പന്തില്‍ 43) മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന രണ്ടോവറില്‍ 40 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കിമോ പോളിനെ സിക്സിന് തൂക്കി നിതീഷ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ നിതീഷിനെയും(20 പന്തില്‍ 41), പ്രീന്‍സ് യാദവിനെയും(0) പുറത്താക്കി കീമോ പോള്‍ വീന്‍ഡീസിന്‍റെ ജയം ഉറപ്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിന്‍റെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ് റെക്കോര്‍ഡ് സ്കോര്‍ കുറിച്ചത്. 50 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ഹോപ്പ് നാല് ഫോറും 9 സിക്സുകളും പറത്തി. ജ്യുവൽ ആന്‍ഡ്ര്യു(16 പന്തില്‍ 21), ഷിമ്രോണ്‍ ഹെറ്റ്മെയര്‍(12 പന്തില്‍ 33), റൊവ്മാന്‍ പവല്‍(17 പന്തില്‍ 24), ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്(26 പന്തില്‍ 49*) എന്നിവരും വിൻഡീസ് സ്കോറിലേക്ക് വലിയ സംഭാവനകള്‍ നല്‍കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിഫലം പകുതിയായി കുറച്ച് സണ്‍റൈസേഴ്സിൽ തിരിച്ചെത്തി നടരാജൻ; സീഷാൻ അൻസാരി ഡൽഹി ക്യാപിറ്റൽസിൽ
വിന്‍ഡീസിനെതിരെ നാലാം ടി20: ഇന്ത്യക്ക് ടോസ്, ലക്ഷ്യം പരമ്പര