ഐസിസി റാങ്കിംഗിൽ സഞ്ജുവിന്‍റെ 'റോക്കറ്റ്' കുതിപ്പ്; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇഷാൻ കിഷന്‍, പടിയിറങ്ങി ചക്രവര്‍ത്തി

Published : Mar 11, 2026, 01:57 PM ISTUpdated : Mar 11, 2026, 02:07 PM IST
IND vs WI Sanju Samson

Synopsis

ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർദ്ധസെഞ്ച്വറിയോടെ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്‍റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി.

ദുബായ്: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 22-ാം സ്ഥാനത്തെത്തി. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ബാറ്റിംഗ് റാങ്കിംഗില്‍ സഞ്ജു 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ 43 സ്ഥാനങ്ങളാണ് സഞ്ജു ഉയര്‍ന്നത്. ലോകകപ്പിൽ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ വിസ്മയ പ്രകടനത്തോടെ ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ടോപ് 10ല്‍ എത്തിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. 

ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർധസെഞ്ച്വറിയോടെ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്‍റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പില്‍ 317 റൺസുമായി ഇന്ത്യൻ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഒന്നാം സ്ഥാനത്തുള്ള അഭിഷേകിനേക്കാൾ വെറും 4 റേറ്റിംഗ് പോയിന്‍റ് മാത്രം പിന്നിലാണ് ഇഷാൻ ഇപ്പോള്‍.

ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യൻ ഓൾ റൗണ്ടര്‍ ശിവം ദുബെ ബാറ്റിംഗ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തിയപ്പോള്‍ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ട് സ്ഥാനം നഷ്ടമാക്കി ഒമ്പതാം സ്ഥാനത്തുമാണ്. അഭിഷേകും കിഷനും തിലകും സൂര്യയുമടക്കം നാലു ഇന്ത്യൻ താരങ്ങളാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ളത്.

ലോകകപ്പ് സൂപ്പര്‍ 8 മുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ആണ് വരുണിനെ പിന്നിലാക്കി 753 റേറ്റിംഗ് പോയന്‍റുമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 740 റേറ്റിംഗ് പോയന്‍റുള്ള വരുൺ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി. ഓള്‍ റൗണ്ടര്‍ അക്സർ പട്ടേൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്‍റും ഈ ആഴ്ച സ്വന്തമാക്കി.

 

സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 പന്തിൽ സെഞ്ച്വറി നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലൻ ഏഴ് സ്ഥാനം ഉയര്‍ന്ന് ബാറ്റിംഗ് റാങ്കിംഗില്‍ 20-ാം സ്ഥാനത്തെത്തി. സെമിയില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജേക്കബ് ബെഥേൽ 17 സ്ഥാനം ഉയര്‍ന്ന് 16-ാം റാങ്കിലെത്തി. നാലു സ്ഥാനം ഉയര്‍ന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സൈഫർട്ട് ആറാം റാങ്കിലെത്തിയതാണ് മറ്റൊരു മാറ്റം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന് ഇന്ത്യൻ ടീമിലിടമില്ലെന്നത് വിശ്വസിക്കാനാവുന്നില്ല', സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ചീഫ് സെലക്ടര്‍
തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് അടുത്ത തിരിച്ചടി, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു