
മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 103 റണ്‍സിനായിരുന്നു ചെന്നൈ വാംഖഡെയില്‍ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സഞ്ജു സാംസണിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ 104 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഐപിഎല്‍ ചരിത്രത്തിൽ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ മുംബൈയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.
നാലോവറില്‍ 17 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അക്കീല്‍ ഹൊസൈനും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദും ചേര്‍ന്നാണ് വാംഖഡെയില്‍ മുംബൈയെ കറക്കി വീഴ്ത്തിയത്. 29 പന്തില്‍ 37 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 36 റണ്‍സെടുത്തപ്പോള്‍ മറ്റ് മുംബൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. വമ്പൻ ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ ആറ് പോയിന്‍റമായി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മുംബൈ എട്ടാം സ്ഥാനത്തേക്ക് വീണു. സ്കോർ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 207-6, മുംബൈ ഇന്ത്യൻസ് 19 ഓവറില്‍ 104ന് ഓള്‍ ഔട്ട്.
208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇന്ത്യൻസിന് ആദ്യ ഓവറിലെ അടിതെറ്റി. അക്കീല്‍ ഹൊസൈന്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഡാനിഷ് മലേവാര്‍ സഞ്ജുവിന്‍റെ സുരക്ഷിത കരങ്ങളിലൊതുങ്ങി. ക്വിന്‍റണ്‍ ഡി കോക്കിനെ(7) മുകേഷ് ചൗധരി ബൗള്‍ഡാക്കിയപ്പോള്‍ മൂന്നാം ഓവറില്‍ അക്കീല്‍ ഹൊസൈന്‍ നമാൻ ധിറിനെ(0) ബൗള്‍ഡാക്കി മുംബൈയെ 11-3ലേക്ക് തള്ളിയിട്ടു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും ചെന്നൈയുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. പവര്‍ പ്ലേയില്‍ 29 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. സൂര്യ-തിലക് കൂട്ടുകെട്ട് മുംബൈയെ 11 ഓവറില്‍ 84 റണ്‍സിലെത്തിച്ചെങ്കിലും തിലകിനെ ബൗള്‍ഡാക്കി അക്കീല്‍ ഹൊസൈന്‍ കൂട്ടുകെട്ട് തകര്‍ത്തതോടെ മുംബൈയുടെ പ്രതീക്ഷയറ്റു.
ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയെ(1) നേരിട്ട രണ്ടാം പന്തില്‍ നൂര്‍ അഹമ്മദ് മുകേഷ് ചൗധരിയുടെ കൈകളിലെത്തിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിനെ സര്‍ഫറാസിന്‍റെ കൈകളിലെത്തിച്ച് അക്കീല്‍ ഹൊസൈന്‍ മുംബൈയുടെ കഥ കഴിച്ചു. അവസാന പ്രതീക്ഷയായ ഷെറഫൈൻ റൂഥര്‍ഫോര്‍ഡിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ നൂര്‍ അഹമ്മദ് അന്‍ഷുല്‍ കാംബോജിന്‍റെ കൈകളിലെത്തിച്ചതോടെ മുംബൈയുടെ പതനം പൂര്‍ത്തിയായി. ചെന്നൈക്കായി അക്കീല്‍ ഹൊസൈന്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ നൂര്‍ അഹമ്മദ് 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് സഞ്ജു സാംസണിന്‍രെ അപരാജിത സെഞ്ചുറിയിലൂടെയാണ് മികച്ച സ്കോറിലെത്തിയത്. ഇന്നിംഗ്സിലെ അവസാന പന്ത് ബൗണ്ടറി കടത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. 54 പന്തില്‍ 10 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ അപരാജിത ഇന്നിംഗ്സ്.
കൃഷ് ഭഗത് എറിഞ്ഞ അവസാന ഓവറില്‍ സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൃഷ് ഭഗത്തിന്‍റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്സിന് പറത്തി 90 കളിലെത്തി. അടുത്ത രണ്ട് പന്തിലും സഞ്ജു സിംഗിളെടുത്തില്ല. നാലാം പന്തില്‍ വീണ്ടും സഞ്ജുവിന്‍റെ പടുകൂറ്റൻ സിക്സ്. 97 റണ്‍സിലെത്തിയ സഞ്ജു അഞ്ചാം പന്തില്‍ സിംഗിളെടുത്തില്ല. ഒടുവില്‍ അവസാന പന്ത് ബൗണ്ടറി കടത്തി സഞ്ജു സെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈക്ക് മികച്ച സ്കോര്‍ സമ്മാനിക്കുകയും ചെയ്തു. സഞ്ജു കഴിഞ്ഞാല്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!