റിച്ചാര്‍ഡ്‌സിലേ കണ്ടിട്ടുള്ളൂ ഇത്തരം ശൈലി, വീരു ഇന്ത്യന്‍ ക്രിക്കറ്റിനെ പൊളിച്ചെഴുതി: സഖ്‌ലെയ്ന്‍ മുഷ്‌താഖ്

By Web TeamFirst Published Jun 2, 2021, 1:47 PM IST
Highlights

ബാറ്റിംഗ് ശൈലി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖഛായ മാറ്റിയ താരമാണ് വീരു എന്നും അദേഹത്തിന് മുമ്പ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് മാത്രമാണ് അത്തരം ആക്രമണോത്സുക ക്രിക്കറ്റ് കളിച്ചതെന്നും മുഷ്‌താഖ്. 

ലണ്ടന്‍: ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പ്രശംസ കൊണ്ടുമൂടി പാകിസ്ഥാന്‍ സ്‌പിന്‍ വിസ്‌മയം സഖ്‌ലെയ്ന്‍ മുഷ്‌താഖ്. ബാറ്റിംഗ് ശൈലി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുഖഛായ മാറ്റിയ താരമാണ് വീരു എന്നും അദേഹത്തിന് മുമ്പ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് മാത്രമാണ് അത്തരം ആക്രമണോത്സുക ക്രിക്കറ്റ് കളിച്ചതെന്നും മുഷ്‌താഖ് പറഞ്ഞു. 

'വീരേന്ദര്‍ സെവാഗുണ്ടാക്കിയ ചലനവും സ്റ്റൈലും ബ്രാന്‍ഡും ഏറെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രയോജനമായിട്ടുണ്ട്. സെവാഗ് ലോകത്തെ കാട്ടിയ ബാറ്റിംഗ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും താരങ്ങളുടേയും ചിന്താഗതി തന്നെ മാറ്റിയെഴുതി. തന്‍റെ ആത്മവിശ്വാസം കൊണ്ട് സെവാഗ് ഉയരങ്ങള്‍ സൃഷ്‌ടിച്ച് വഴികാട്ടി. സെവാഗും ഇരട്ട സെഞ്ചുറി നേടിയതോടെ സാധ്യമെന്ന് രോഹിത് ശര്‍മ്മയെ പോലുള്ള താരങ്ങള്‍ക്കും തോന്നി. സെവാഗിന്‍റെ ബാറ്റിംഗ് കണ്ട് രോഹിത് ഏറെ പഠിച്ചിട്ടുണ്ടാവണം. 

രോഹിത്തിന്‍റെ കണക്കുകള്‍ സെവാഗിനേക്കാള്‍ മികച്ചതായിരിക്കാം. എന്നാല്‍ രോഹിത്തിന്‍റെ പ്രകടനത്തിന് പിന്നില്‍ സെവാഗിന് റോളുണ്ട്. തനിക്ക് ശേഷമുള്ള താരങ്ങളുടെ ചിന്ത പോലും സെവാഗ് മാറ്റിയെഴുതി. സെവാഗിന് മുമ്പ് വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലുള്ള ഒന്നോരണ്ടോ താരങ്ങള്‍ മാത്രമാണ് ഏകദിനത്തില്‍ ഇത്തരമൊരു കളി കാഴ്‌ചവെച്ചതും ലോക ക്രിക്കറ്റ് അടക്കിഭരിക്കുകയും ചെയ്തത്. അവരെപ്പോലെ തന്നെ സെവാഗ് ലോക ക്രിക്കറ്റില്‍ മേധാവിത്വം പുലര്‍ത്തി' എന്നും സഖ്‌ലെയ്ന്‍ മുഷ്‌താഖ് കൂട്ടിച്ചേര്‍ത്തു. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഓപ്പണര്‍മാരില്‍ ഒരാളായാണ് വീരേന്ദര്‍ സെവാഗ് വിശേഷിപ്പിക്കപ്പെടുന്നത്. ടെസ്റ്റില്‍ 82.2 ഉം ഏകദിനത്തില്‍ 104.3 ഉം ടി20യില്‍ 145.3 സ്‌ട്രൈക്ക്‌റേറ്റ് വീരുവിനുണ്ട്. 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ 8273 റണ്‍സും 19 ടി20യില്‍ 394 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലില്‍ 104 മത്സരങ്ങളില്‍ 155.44 സ്‌ട്രൈക്ക്‌റേറ്റില്‍ 2728 റണ്‍സും വീരുവിനുണ്ട്. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ദൂസരകളിലൂടെ ശ്രദ്ധിക്കപ്പെട്ട സഖ്‌ലെയ്ന്‍ മുഷ്‌താഖ് പാകിസ്ഥാന്‍റെ എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളാണ്. 49 ടെസ്റ്റില്‍ 208 ഉം 169 ഏകദിനത്തില്‍ 288 വിക്കറ്റും പേരിലാക്കി. 2000ത്തില്‍ വിസ്‌ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം നേടി.

അയാളൊരു അപൂർവ പ്രതിഭാസം, ഇന്ത്യൻ ബൗളറെക്കുറിച്ച് മുൻ പാക് നായകൻ 

വില്യംസണെ പിന്തള്ളി ജാമീസണ്‍; ന്യൂസിലൻഡ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം

ആഭ്യന്തര ഇതിഹാസം അമോൽ മസുംദാര്‍ മുംബൈ ക്രിക്കറ്റ് ടീം പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!