ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലൻഡ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം ഓൾറൗണ്ടർ കെയ്ൽ ജാമീസണ്. ന്യൂസിലൻഡ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. ജാമീസണ് ഇംഗ്ലണ്ട് പരമ്പരയോടെ വിരമിക്കുന്ന ബി ജെ വാട്‌ലിങ് ക്യാപ് കൈമാറി. 

ടെസ്റ്റ് ക്രിക്കറ്റിലെ മികവില്‍ കെയ്‌ന്‍ വില്യംസണെയും ദേവോണ്‍ കോണ്‍വേയും മറികടന്നാണ് ജാമീസണിന്‍റെ നേട്ടം. കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച ജാമീസൺ ആറ് ടെസ്റ്റിൽ 36 വിക്കറ്റും 226 റൺസും സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ അഞ്ചും ടി20യില്‍ നാലും വിക്കറ്റുകള്‍ നേടി. 

മുന്‍ നായകന്‍ ബ്രണ്ടൻ മക്കല്ലമാണ് പ്രഥമ പുരസ്‌കാരം(2012ൽ) നേടിയത്. നിലവിലെ നായകന്‍ കെയ്ൻ വില്യംസൺ മൂന്ന് തവണ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 മുതല്‍ 2017 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളിലാണ് വില്യംസണ്‍ പുരസ്‌കാരം സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് കെയ്‌ല്‍ ജാമീസണിന്‍റെ അടുത്ത മത്സരം. വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ‌്ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് നേരിടും. 

മുന്‍ ജേതാക്കള്‍ 

ബ്രണ്ടന്‍ മക്കല്ലം- 2012, ടിം സൗത്തി- 2013, റോസ് ടെയ്‌ലര്‍- 2014, കെയ്‌ന്‍ വില്യംസണ്‍- 2015, 2016, 2017, ട്രെന്‍ഡ് ബോള്‍ട്ട്- 2018, റോസ് ടെയ്‌ലര്‍- 2019, ടി സൗത്തി- 2020. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona