ഞാനും അക്തറും കളിച്ചില്ല, സെവാഗിന് ട്രിപ്പിള്‍ സെഞ്ചുറി തളികയില്‍ വച്ചുകൊടുക്കുകയായിരുന്നു: സഖ്‌ലെയ്ന്‍

By Web TeamFirst Published Jul 11, 2020, 5:45 PM IST
Highlights

മുള്‍ട്ടാന്‍ ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗ് നേടിയ സെഞ്ചുറി തളികയില്‍ വച്ചുകൊടുത്തതായിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലെയ്ന്‍ മുഷ്താഖ്.

കറാച്ചി: മുള്‍ട്ടാന്‍ ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗ് നേടിയ സെഞ്ചുറി തളികയില്‍ വച്ചുകൊടുത്തതായിരുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം സഖ്‌ലെയ്ന്‍ മുഷ്താഖ്. സെവാഗിന്റെ ട്രിപ്പിളിനേക്കാള്‍ ചെന്നൈ സച്ചിന്‍ നേടിയ സെഞ്ചുറിക്ക് മൂല്യം കൂടുതലാണെന്നാണ് സഖ്‌ലെയ്ന്‍ പറയുന്നത്. യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഖ്‌ലെയ്‌നിന്റെ വാക്കുകളിങ്ങനെ... ''സെവാഗ് ഒരു മോശം താരമാണെന്ന് എനിക്ക് അഭിപ്രായമില്ല. അന്ന് സെവാഗിന് ഞങ്ങള്‍ക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ സാധിച്ചത് സാഹചര്യങ്ങള്‍ അനുകൂലമായതുകൊണ്ടാണ്. ആ സമയത്ത് പാക് ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു. ക്യാപ്റ്റന്‍ മറ്റാരോ ആയിരുന്നു. അവിചാരിതമായിട്ടാണ് ഇന്‍സമാം ഉല്‍ ഹഖ് ക്യാപ്റ്റനായത്. 

പാക് ടീമിന് തയ്യാറെടുക്കാന്‍ പോലും അവസരം ലഭിച്ചില്ല. പരിക്ക് കാരണം ഷുഹൈബ് അക്തര്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എനിക്കും കളിക്കാന്‍ സാധിച്ചില്ല. മുള്‍ട്ടാനിലെ ഫ്‌ളാറ്റ് വിക്കറ്റില്‍ ബൗളര്‍മാര്‍ നന്നായി ബുദ്ധിമുട്ടി.  ട്രിപ്പിള്‍ സെഞ്ചുറി തളികയില്‍ വച്ചുകൊടുക്കുന്നത് പോലെയായിരുന്നു. 

സെവാഗ് അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മുള്‍ട്ടാനിനെ ട്രിപ്പിളില്‍ എനിക്ക് അത്ര മതിപ്പില്ല. അതിനേക്കാള്‍ മനോഹരമായിരുന്നു സച്ചിന്‍ ചെന്നൈയില്‍ ഞങ്ങള്‍ക്കെതിരെ നേടിയ സെഞ്ചുറി. 1999ലായിരുന്നു അത്. രണ്ടാം ഇന്നിങ്‌സിലാണ് ഈ സെഞ്ചുറി പിറന്നത്. 

അന്ന് പാക് ടീം മികച്ചതായിരുന്നു. നല്ല തയ്യാറെടുപ്പോടെയാണ് ഞങ്ങള്‍ ഇറങ്ങിയത്. അത്തരമൊരു ഇന്നിങ്‌സ് കളിക്കുക ബുദ്ധിമുട്ടേറിയ പരിപാടിയായിരുന്നു. എന്നാല്‍ സച്ചിന്‍ മനോഹരമായി കളിച്ചു.'' മുന്‍ പാക് താരം പറഞ്ഞുനിര്‍ത്തി. 

click me!