ധോണിയില്‍ നിന്ന് ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല; അവസാന ടെസ്റ്റിലെ ഓര്‍മകള്‍ പങ്കുവച്ച് ഗാംഗുലി

By Web TeamFirst Published Jul 11, 2020, 3:21 PM IST
Highlights

ധോണിക്ക് കീഴിലാണ് ഗാംഗുലി തന്റെ അവസാന ടെസ്റ്റ് കളിച്ചത്. 2008ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരായിരുന്നു ഗാംഗുലിയുടെ അവസാന ടെസ്റ്റ്. അവസാന ടെസ്റ്റിലെ ഓര്‍മകള്‍ പങ്കിടുകയാണ് ഗാംഗുലി.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ എം എസ് ധോണിയും സൗരവ് ഗാംഗുലിയും ഉണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല. കോഴ വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റിയ ക്യാപ്റ്റനാണ് ഗാംഗുലി. ധോണിയാവട്ടെ ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ ക്യാപ്റ്റനും.

ധോണിക്ക് കീഴിലാണ് ഗാംഗുലി തന്റെ അവസാന ടെസ്റ്റ് കളിച്ചത്. 2008ല്‍ നാഗ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരായിരുന്നു ഗാംഗുലിയുടെ അവസാന ടെസ്റ്റ്. അവസാന ടെസ്റ്റിലെ ഓര്‍മകള്‍ പങ്കിടുകയാണ് ഗാംഗുലി. ഇന്ത്യന്‍ ടെസ്റ്റ് താരം മായങ്ക് അഗര്‍വാളുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. അദ്ദേഹം തുടര്‍ന്നു... ''നാഗ്പൂരിലെ മത്സരത്തില്‍ അവസാന സെഷനില്‍ ഗ്രൗണ്ടില്‍ പ്രവേശിക്കുമ്പോള്‍ ടീമംഗങ്ങള്‍ മാറിനിന്ന് തന്നെ എനിക്കു ആദ്യം ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കി. ഇരുടീമിലേയും താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആദരിച്ചത്. 

മത്സരം അവസാനിക്കാന്‍ കുറച്ച് ഓവറുകള്‍ മാത്രമായിരുന്നു അപ്പോള്‍ ശേഷിച്ചിരുന്നത്. ആ സമയം ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എനിക്ക് കൈമാറി. വലിയ സര്‍പ്രൈസായിരുന്നു അത്. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ധോണിഅങ്ങനെയാണ്. എപ്പോഴും സര്‍പ്രൈസ് നല്‍കിക്കൊണ്ടിരിക്കും.

ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം എന്താണ് താന്‍ അന്ന് ചെയ്തതെന്നു പോലും ഓര്‍മയില്ല. മൂന്നോ നാലോ ഓവറുകളായിരുന്നു അന്ന് ബാക്കിയുണ്ടായിരുന്നത്.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി. മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗാംഗുലി 85 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

click me!