
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് ഖാനും ചേര്‍ന്നാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് ഉറപ്പാക്കിയത്. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 27 ഓവറില്‍ ആറ് റണ്‍സിലേറെ ശരാശരിയില്‍ 172 റണ്‍സാണ് സര്‍ഫറാസും യശസ്വിയും ചേര്‍ന്ന് അടിച്ചു കൂട്ടിയത്.
ബാറ്റിംഗിനിടെ യശസ്വി രണ്ടാം റണ്ണിനായി ഓടാത്തതിന് സര്‍ഫറാസ് യശസ്വിയോട് ദേഷ്യപ്പെടുന്നതും അതുകണ്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്താണ് സംഭവിക്കുന്നതെന്ന് കൈമലര്‍ത്തി ചോദിക്കുന്നതും ആരാധകര്‍ കണ്ടു. അനായാസം രണ്ട് റണ്‍സ് ഓടാമായിരുന്നിട്ടും ഓടാതിരുന്നതായിരുന്നു സര്‍ഫറാസിന് ദേഷ്യം വരാന്‍ കാരണം. അതിനുശേഷം യശസ്വി 199ല്‍ നില്‍ക്കെ വെറുതെ ഇറങ്ങി ഓടരുതെന്ന് സര്‍ഫറാസ് മുന്നറിയിപ്പു നല്‍കുന്നതും സ്റ്റംപ് മൈക്കിലെ സംഭാഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇരുവരും ബാറ്റ് ചെയ്യുന്നതിനിടെ അതുമാത്രമല്ല ആരാധകര്‍ കണ്ടത്. യശസ്വി കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുകൈകളും ഉയര്‍ത്തി യശസ്വിയെക്കാള്‍ വലിയ ആഘോഷം നടത്തിയത് സര്‍ഫറാസായിരുന്നു. ജൂനിയര്‍ ക്രിക്കറ്റ് മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
കരിയറിലും ജീവിത്തതിലും ഒട്ടേറെ കഷ്ടപ്പാടുകള്‍ താണ്ടിയാണ് ഇരുവരും ഇന്ത്യൻ ടീമിലെത്തിയത്. ഇതും ഇരു താരങ്ങളും തമ്മിലുള്ള അടുപ്പം കൂട്ടാനുള്ള കാരണമാണ്. ഇതിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ യശസ്വിയും സര്‍ഫറാസും ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ നീ മുന്നില്‍ നടക്ക്, നീയാണ് നയിക്കേണ്ടതെന്ന് സര്‍ഫറാസ് പറഞ്ഞതും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ദൃശ്യമായിരുന്നു.
രാജ്കോട്ട് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 10 റണ്‍സിന് പുറത്തായ യശസ്വി രണ്ടാം ഇന്നിംഗ്സില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. 236 പന്തില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി 14 ബൗണ്ടറികളും 12 സിക്സുകളും പറത്തി. ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സടിച്ച സര്‍ഫറാസ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!