Asianet News MalayalamAsianet News Malayalam

ബിഗ് ബാഷില്‍ വെടിക്കെട്ട് തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഇത്തവണ 33 പന്തില്‍ 66

ഫഹീം അഷ്റഫിനെതിരെയും സിക്സും ബൗണ്ടറിയും നേടിയ സ്മിത്ത് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും നഥാന്‍ എല്ലിസെറിഞ്ഞ ഒമ്പതാം ഓവറില്‍  വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്.

After back to back century steven-smith-firing fifty in-big-bash
Author
First Published Jan 23, 2023, 4:47 PM IST

സിഡ്നി: ഓസ്ട്രേലിയന്‍ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് സിഡ്നി സിക്സേഴ്സ് താരം സ്റ്റീവ് സ്മിത്ത്. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ ഇന്ന് നടന്ന മത്സരത്തില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനെതിരെ സ്മിത്ത് 33 പന്തില്‍ 66 റണ്‍സെടുത്തു.22 പന്തിലാണ് സ്മിത്ത് അര്‍ധസെഞ്ചുറിയിലെത്തിത്.

ഓപ്പണറായി ഇറങ്ങി രണ്ടാം ഓവറില്‍ ആദ്യ പന്ത് നേരിട്ട സ്മിത്ത് ജോയല്‍ പാരീസിന്‍റെ ആ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 21 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതില്‍ നോ ബോളായ മൂന്നാം പന്തില്‍ സിക്സ് അടിച്ച സ്മിത്ത് നാലാം പന്ത് വൈഡിലൂടെ അഞ്ച് റണ്‍സ് കൂടി ലഭിച്ചു. ഫ്രീ ഹിറ്റായ പന്തില്‍ ഒരു ബൗണ്ടറി കൂടി നേടി നിയമപരമായി എറിഞ്ഞ ഒരു പന്തില്‍ 15 റണ്‍സടിച്ചു. പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ റിലെ മെറിഡിത്തിനെതിരെയും രണ്ട് സിക്സ് പറത്തിയ സ്മിത്ത് പവര്‍പ്ലേക്ക് പിന്നാലെ ടിം ഡേവിഡിനെതിരെ സിക്സും ഫോറും പറത്തിയാണ് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്.

2022ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു; 3 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍, ഓസീസ്, വിന്‍ഡീസ് താരങ്ങള്‍ ടീമിലില്ല

ഫഹീം അഷ്റഫിനെതിരെയും സിക്സും ബൗണ്ടറിയും നേടിയ സ്മിത്ത് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും നഥാന്‍ എല്ലിസെറിഞ്ഞ ഒമ്പതാം ഓവറില്‍  വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. നാലു ഫോറും ആറ് സിക്സും പറത്തിയാണ് സ്മിത്ത് 33 പന്തില്‍ 66 റണ്‍സടിച്ചത്. സ്മിത്തിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ കരുത്തില്‍ സിഡ്നി സിക്സേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു,

ബിഗ് ബാഷില്‍ ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 262 റണ്‍സാണ് അടിച്ചു കൂട്ടിയത്. 125 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. സ്മിത്ത് മാത്രമാണ് സീസണില്‍ രണ്ട് സെഞ്ചുറി നേടിയ ഒരേയോരു ബാറ്റര്‍. കഴിഞ്ഞ ദിവസം സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തില്‍ 56  പന്തില്‍ സെഞ്ചുറിയിലെത്തിയ സ്‌മിത്ത് 66 പന്തില്‍ അഞ്ച് ഫോറും 9 സിക്‌സും സഹിതം 125* റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. അതിന് തൊട്ടു മുമ്പ് കളിച്ച മത്സരത്തില്‍ അ‍ഡ്‌ലെയ്‌ഡ് സ്ട്രൈക്കേഴ്‌സിന് എതിരെ 56 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റണ്‍സെടുത്തിരുന്ന സ്മിത്ത് രണ്ട് കളികളിലും സിക്‌സര്‍ നേടിയാണ് സെഞ്ചുറിയിലെത്തിയത്.

Follow Us:
Download App:
  • android
  • ios