
മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20യില്‍ സര്‍ഫറാസ് ഖാന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ റിയാന്‍ പരാഗിന്‍റെ ആസമിനെതിരെ 99 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി മുംബൈ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 47 പന്തില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തപ്പോള്‍ ആസം 19.1 ഓവറില്‍ 122 റണ്‍സിന് പുറത്തായി. മുഷ്താഖ് അലിയില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. മറ്റന്നാൾ നടക്കുന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആണ് മുബൈയുടെ അടുത്ത മത്സരം.
മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആസമിന് തുടക്കം മുതലെ അടിതെറ്റി. ഓപ്പണര്‍മാരായ ഡെനിഷ് ദാസിനെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച ഷാര്‍ദ്ദുല്‍ താക്കൂര്‍ പിന്നാലെ സുമിത് ഗാധിഘോവങ്കറെയും(1) മടക്കി. അബ്ദുള്‍ അജിജ് ഖുറൈസി(4)യെ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ക്യാപ്റ്റൻ റിയാന്‍ പരാഗിനെ താക്കൂര്‍ റണ്ണെടുക്കും മുമ്പെ മടക്കി. 19-4ലേക്ക് കൂപ്പുകുത്തിയ ആസമിനെ സിബാസങ്കര്‍ റോയിയും(41), നിഹാര് ദേക്കയും(19) ചേര്‍ന്ന് കരകയറ്റാന്‍ നോക്കിയെങ്കിലും നിഹാര്‍ ധേക്കയെ മടക്കി ഷാര്‍ദ്ദുല്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പാണ് പിന്നീട് ആസമിനെ 100 കടത്തിയത്. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നോവറില്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി യുവതാരം ആയുഷ് മാത്രെയും(15 പന്തില്‍ 21) അജിങ്ക്യാ രഹാനെയും(32 പന്തില്‍ 42) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്(12 പന്തില്‍ 20) നിരാശപ്പെടുത്തിയെങ്കിലും തകര്‍ത്തടിച്ച സര്‍ഫറാസ് ഖാന്‍ 47 പന്തില്‍ സെഞ്ചുറിയിലെത്തി. 8 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് സര്‍ഫറാസിന്‍റെ ഇന്നിംഗ്സ്. സൂര്യൻഷ് ഷെഡ്ജെ(9) നിരാശപ്പെടുത്തിയെങ്കിലും സായ്‌രാജ് പാട്ടീലും(9 പന്തില്‍ 25*) സര്‍ഫറാസും ചേര്‍ന്ന് മുംബൈയെ കൂറ്റന്‍ സ്കോറിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക