
ബംഗളൂരു: പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം സൗരാഷ്ട്ര 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 127 പന്തില്‍ 165 റണ്‍സെടുത്ത വിശ്വരാജ് ജഡേജയാണ് സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ പഞ്ചാബ് നിരയില്‍ അന്‍മോല്‍പ്രീത് സിംഗ് (100), പ്രഭ്‌സിമ്രാന്‍ സിംഗ് (88) എന്നിവരാണ് തിളങ്ങിയത്. രമണ്‍ദീപ് സിംഗ് 42 റണ്‍സെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതന്‍ സക്കറിയ നാല് വിക്കറ്റ് നേടി. ഫൈനലില്‍ വിര്‍ഭയാണ് സൗരാഷ്ട്രയുടെ എതിരാളി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൗരാഷ്ട്രയ്ക്ക മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹര്‍വിക് ദേശായ് (64) - ജഡേജ സഖ്യം 172 റണ്‍സ് ചേര്‍ത്തു. ഇതോടെ തന്നെ സൗരാഷ്ട്ര ഏതാണ്ട് വിജയമുറപ്പിച്ചിരുന്നു. 23-ാം ഓവറില്‍ ദേശായ് പുറത്തായെങ്കിലും പ്രേരക് മങ്കാദിനെ (53) കൂട്ടുപിടിച്ച് ജഡേജ സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചു. 127 പന്തുകള്‍ നേരിട്ട ജഡേജ മൂന്ന് സിക്‌സും 18 ഫോറും നേടി.
നേരത്തെ പഞ്ചാബിന് ഹര്‍നൂര്‍ സിംഗ് (33) - പ്രഭ്‌സിമ്രാന്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. 13-ാം ഓവറില്‍ ഹര്‍നൂര്‍ റണ്ണൗട്ടായത് പഞ്ചാബിന് തിരിച്ചടിയായി. എങ്കിലും ക്രീസിലൊന്നിച്ച പ്രഭ്‌സിമ്രാന്‍ - അന്‍മോല്‍പ്രീത് സഖ്യം 109 റണ്‍സ് കൂട്ടിചേര്‍ത്തു. 32-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പ്രഭ്‌സിമ്രാന്‍ പുറത്ത്. തുടര്‍ന്നെത്തിയ നമന്‍ ധിര്‍ (8), നെഹല്‍ വധേര (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.
എങ്കിലും രമണ്‍ദീപ് - അന്‍മോല്‍ പ്രീത് സഖ്യം 75 റണ്‍സ് കൂടി പഞ്ചാബിന്റെ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തു. എന്നാല്‍ അന്‍മോല്‍പ്രീതിന്റെ വിക്കറ്റ് നഷ്ടമായതോടെ പഞ്ചാബ് വാലറ്റം തകര്‍ന്നടിഞ്ഞു. സിന്‍വീര്‍ സിംഗ് (1), കൃഷ് ഭഗത് (1), സുഖ്ദീപ് ബജ്വ (0), ഗുര്‍നൂര്‍ ബ്രാര്‍ (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ രമണ്‍ദീപും പവലിയനില്‍ തിരിച്ചെത്തി. മായങ്ക് മര്‍കണ്ഡെ (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!