ടി20 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക 170 റണ്‍സ് വിജയലക്ഷ്യം വെച്ചു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മാര്‍കോ ജാന്‍സന്റെ (55) തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കക്ക് മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്ക് വന്നത്. ഡിവാള്‍ഡ് ബ്രേവിസ് (27 പന്തില്‍ 34), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (24 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്‌സുകളും ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തു.

മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ രണ്ട് ഓവറിനിടെ തന്നെ ക്വിന്റണ്‍ ഡി കോക്ക് (10), റിയാന്‍ റിക്കിള്‍ട്ടണ്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും കോള്‍ മക്‌കോഞ്ഞിയാണ് വീഴ്ത്തിയത്. പിന്നാലെ എയ്ഡന്‍ മാര്‍ക്രം - ബ്രേവിസ് സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എട്ടാം ഓവറില്‍ മാര്‍ക്രം (20 പന്തില്‍ 18) മടങ്ങി. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ക്കും (6) പിടിച്ചുനില്‍ക്കാനായില്ല. ഇരുവരേയും രചിന്‍ രവീന്ദ്ര വീഴ്ത്തി. ഇതിനിടെ ബ്രേവിസും കൂടാരം കയറിയതോടെ അഞ്ചിന് 77 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്ന് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - ജാന്‍സന്‍ സഖ്യം നേടിയ 73 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. സ്റ്റബ്‌സ് 19-ാം ഓവറില്‍ മടങ്ങി. കോര്‍ബിന്‍ ബോഷ് (2), കഗിസോ റബാദ (0) എന്നിവര്‍ വന്നത് പോലെ മടങ്ങിയെങ്കിലും ജാന്‍സന്‍ തുണയായി. 30 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. കേശവ് മഹാരാജ് (1) പുറത്താവാതെ നിന്നു. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. കിവീസിന് വേണ്ടി മാറ്റ് ഹെന്റി, മക്‌കോഞ്ഞി, രചിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player