റുതുരാജിന് ഷെല്‍ഡണ്‍ ജാക്‌സണിലൂടെ മറുപടി; മഹാരാഷ്ട്ര വീണു, വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്

By Web TeamFirst Published Dec 2, 2022, 5:25 PM IST
Highlights

ഒന്നാം വിക്കറ്റ് കൂട്ടൂകെട്ടിലൂടെ തന്നെ സൗരാഷ്ട്ര ആധിപത്യം നേടി. ഷെല്‍ഡണ്‍- ഹാര്‍വിക് ദേശായ് (50) സഖ്യം 125 റണ്‍സ് കൂട്ടിചേര്‍ത്തു. 67 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് ദേശായ് 50 റണ്‍സ് അടിച്ചെടുത്തത്.

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്. മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് സൗരാഷ്ട്ര കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്ര റുതുരാജ് ഗെയ്കവാദിന്റെ (108) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. ചിരാഗ് ജനി ഹാട്രിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്ര 46.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഷെല്‍ഡണ്‍ ജാക്‌സണാണ് (136 പന്തില്‍ പുറത്താവാതെ 133) സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിച്ചത്.

ഒന്നാം വിക്കറ്റ് കൂട്ടൂകെട്ടിലൂടെ തന്നെ സൗരാഷ്ട്ര ആധിപത്യം നേടി. ഷെല്‍ഡണ്‍- ഹാര്‍വിക് ദേശായ് (50) സഖ്യം 125 റണ്‍സ് കൂട്ടിചേര്‍ത്തു. 67 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് ദേശായ് 50 റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍ ഹാര്‍വിക്കിനേയും ജയ് ഗോഹിലിനേയും (0) ഒരോവറില്‍ മടക്കിയയച്ച് മുകേഷ് ചൗധരി മഹാരാഷ്ട്രയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിച്ചു. 

ഇതിനിടെ സമര്‍ത്ഥ് വ്യാസ് (12), അര്‍പിത് വാസവദ (15), പ്രേരക് മങ്കാദ് (1) എന്നിവരും മടങ്ങി. എന്നാല്‍ ചിരാഗിനെ (30) കൂട്ടുപിടിച്ച് ഷെല്‍ഡണ്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 136 പന്തില്‍ അഞ്ച് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷെല്‍ഡണിന്റെ ഇന്നിംഗ്‌സ്. ചിരാഗ്- ഷെല്‍ഡണ്‍ സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. മുകേഷിന് പുറമെ, വിക്കി ഒസ്ത്വാളും രണ്ട് വിക്കറ്റ് വീഴ്ത്തി. സത്യജീത് ബച്ചവിനും ഒരു വിക്കറ്റുണ്ട്. 

നേരത്തെ, ഗെയ്ദവാദിന് മാത്രമാണ് മഹാരാഷ്ട്ര നിരയില്‍ തിളങ്ങാനായത്. 131 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അസിം കാസി (37), നൗഷാദ് ഷെയ്ഖ് (31) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. പവന്‍ ഷാ (4), ബച്ചവ് (27), അങ്കിത് ബാവ്‌നെ (16), സൗരഭ് നവലെ (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. 

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (0), വിക്കി ഒസ്ത്വള്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുകേഷ് ചൗധരി (2) പുറത്താവാതെ നിന്നു. ചിരാഗിന് പുറമെ, പ്രേരക് മങ്കാദ്, പാര്‍ത്ഥ് ഭട്ട്, ഉനദ്ഖട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആരാധകരെ ആഘോഷിക്കാം, ക്രിസ്റ്റ്യാനോയെ സംബന്ധിച്ച സന്തോഷ വാർത്ത പുറത്ത്! പരിശീലനം മിസ് ആക്കിയതിന്‍റെ കാരണവും

click me!