SAvIND : 'ലോകത്തെ മികച്ച മൂന്ന് പേസര്‍മാരില്‍ അവനുണ്ട്'; മുഹമ്മദ് ഷമിയെ പ്രകീര്‍ത്തിച്ച് വിരാട് കോലി

By Web TeamFirst Published Dec 30, 2021, 7:01 PM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul), അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍, ബൗളര്‍മാരില്‍ മുഹമ്മദ് ഷമി (Mohammed Shami), ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ (Team India) വിജയത്തില്‍ പ്രധാനമായത് ബാറ്റര്‍മാരുടെയും പേസര്‍മാരുടെയും പ്രകടനമാണ്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (KL Rahul), അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍, ബൗളര്‍മാരില്‍ മുഹമ്മദ് ഷമി (Mohammed Shami), ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ സന്തോഷിപ്പിച്ചത് ഇരുവിഭാഗത്തിന്റേയം ഒത്തൊരുമയുള്ള പ്രകടനമാണ്. മത്സരശേഷം അദ്ദേഹം അത് പറയുകയും ചെയ്തു. 

പ്രത്യേകിച്ച് ഷമിയെ അദ്ദേഹം സംസാരിക്കുകയും ചെയ്തു. ക്യാപ്റ്റന്റെ വാക്കുകള്‍... ''പരമ്പരയില്‍ ഏറ്റവും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒരുദിവസം മഴയില്‍ ഒലിച്ചുപോയി എന്നിട്ടും എത്ര മനോഹരമായിട്ടാണ് നമ്മള്‍ കളിച്ചതെന്ന് നോക്കൂ. ദക്ഷിണാഫ്രിക്കന്‍ ഗ്രൗണ്ടുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഓവര്‍സീസ് സാഹചര്യങ്ങളില്‍ ടോസ് നേടി ആദ്യം ബാറ്റിംഗെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. കെ എല്‍ രാഹുലിനേയും മായങ്ക് അഗര്‍വാളിനേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 300-320 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ നേരിയ മുന്‍തൂക്കമുണ്ടാകുമെന്ന് അറിയാമായിരുന്നു. ബൗളര്‍മാരുടെ കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. 

ആദ്യ ഇന്നിംഗ്‌സില്‍ ജസ്പ്രിത് ബുമ്ര അധികം പന്തെറിഞ്ഞില്ല. അതുകൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് 40 റണ്‍സ് അധികം നേടാന്‍ കഴിഞ്ഞു. മുഹമ്മദ് ഷമി ലോകോത്തര നിലവാരമുള്ള പേസറാണ്. ഈ നിമിഷം, ലോകത്തെ മികച്ച മൂന്ന് പേസര്‍മാരെയെടുത്താല്‍ അതിലൊരാള്‍ ഷമിയായിരിക്കും. അദ്ദേഹത്തിന്റെ കരുത്തുറ്റ കൈക്കുഴ, സീം പൊസിഷന്‍, കൃത്യം ലെങ്ത്തില്‍ തന്നെ പന്തെറിയാനുള്ള കരുത്ത്. എല്ലാം എടുത്ത് പറയേണ്ടതാണ്.'' കോലി മത്സരശേഷം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ഇതുവരെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഇത്തവണ ഇന്ത്യക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പഴയ വീര്യമില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യ പരമ്പര നേടുമെന്ന് തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.

click me!