SAvIND : മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം രാഹുലിന്; എന്നാല്‍ താരത്തിന് പറയാനുള്ളത് മുഹമ്മദ് ഷമിയെ കുറിച്ച്

By Web TeamFirst Published Dec 30, 2021, 8:01 PM IST
Highlights

ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ 123 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 23 റണ്‍സും സ്വന്തമാക്കി. ദുഷ്‌കരമായ പിച്ചിലെ സെഞ്ചുറി പ്രകടനത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ (KL Rahul) പ്രകടനം നിര്‍ണായകമായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ താരം 123 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 23 റണ്‍സും സ്വന്തമാക്കി. ദുഷ്‌കരമായ പിച്ചിലെ സെഞ്ചുറി പ്രകടനത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു. മത്സരശേഷം രാഹുല്‍ സെഞ്ചൂറിയനിലെ പ്രകടനത്തെ കുറിച്ച് സംസാരിച്ചു. 

ഓവര്‍സീസ് പിച്ചുകളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാനതില്‍ സന്തോഷമുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''ഞാന്‍ ആഗ്രഹിച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ലഭിച്ചത്. വെല്ലുവിളി ഉയര്‍ത്തുന്ന പിച്ചുകളില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് നിര്‍ണായകമാണ്. എന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. ടെക്‌നിക്കില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാനസികമായി ഞാന്‍ തയ്യാറായിരുന്നു. ക്ഷമയോടെ, അച്ചടക്കത്തോടെ ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. എവേ ഗ്രൗണ്ടില്‍ എന്റെ ടീമിനായി വലിയ സംഭാവന നല്‍കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. 

ഓവര്‍സീസ് സെഞ്ചുറിയില്‍ എനിക്ക് അഭിമാനം തോന്നുന്നു. മുഹമ്മദ് ഷമി കാര്യങ്ങള്‍ അനായാസമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പേസ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഷമി പ്രകടനത്തിലും മറ്റുതാരങ്ങള്‍ അതിനനുസരിച്ച് ഉയര്‍ന്നതിലും അതിയായ സന്തോഷം. ഈ വിജയം ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തും. അടുത്ത ടെസ്റ്റില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നു. കൂടെ വിജയവും.'' രാഹുല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വ്യക്തമാക്കി.

ജൊഹന്നാസ്ബര്‍ഗിലാണ് രണ്ടാം ടെസ്റ്റ്. അവിടെ ജയിച്ചാല്‍ ഇന്ത്യക്ക് മൂന്ന് മത്സങ്ങളുടെ പരമ്പര സ്വന്തമാക്കാം. 2006-07ല്‍ ഇന്ത്യ ജൊഹന്നാസ്ബര്‍ഗില്‍ ജയിച്ചിരുന്നു. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ഇന്നദ്ദേഹം പരിശീലകനായി കൂടെയുണ്ട്.

click me!