SAvIND : ഋഷി ധവാന്റെ റെക്കോര്‍ഡുകള്‍ സംസാരിക്കും; ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമില്‍ നിന്ന് തഴയാനാവില്ല

By Web TeamFirst Published Dec 28, 2021, 4:16 PM IST
Highlights

വിജയ് ഹസാരെ ട്രോഫിക്ക് (Vijay Hazare)  ശേഷം ടീമിനെ പ്രഖ്യാപിക്കാനായിരുന്നു സെലക്റ്റര്‍മാരുടെ തീരുമാനം. ടൂര്‍ണമെന്റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഹിമാചല്‍ പ്രദേശ് ചാംപ്യന്മാരായി.

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. വിജയ് ഹസാരെ ട്രോഫിക്ക് (Vijay Hazare)  ശേഷം ടീമിനെ പ്രഖ്യാപിക്കാനായിരുന്നു സെലക്റ്റര്‍മാരുടെ തീരുമാനം. ടൂര്‍ണമെന്റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഹിമാചല്‍ പ്രദേശ് ചാംപ്യന്മാരായി. ഏകദിന ടീം പ്രഖ്യാപിക്കാനിരിക്കെ ഹിമാചല്‍ ക്യാപ്റ്റന്‍ ഋഷി ധവാനിലേക്കാണ് (Rishi Dhawan) ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഒരിക്കല്‍കൂടി അദ്ദേഹം ടീമിലെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. കാരണം അത്രത്തോളം മികച്ച പ്രകടനമായിരുന്നു ഋഷിയുടേത്. ബൗളിംഗിലും ബാറ്റിംഗിലും താരം ഗംഭീര പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിക്കില്ല. ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തില്ലെങ്കില്‍ വെങ്കടേഷ് അയ്യര്‍ക്കൊപ്പം ഋഷിയേയും ടീമിലെടുത്തേക്കും. 

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും വിക്കറ്റ് വേട്ടയിലും ആദ്യ അഞ്ചിലെത്തുന്ന ആദ്യ താരമാണ് ഋഷി. എട്ട് മത്സരങ്ങളില്‍ നിന്ന് 458 റണ്‍സാണ് താരം നേടിയത്. ബാറ്റിങ് ശരാശരി 76.33. പന്തെടുത്തപ്പോല്‍ 17 വിക്കറ്റും നേടി. 23.35 ശരാശരിയിലാണ് ഇത്രയും വിക്കറ്റുകള്‍. 91 റണ്‍സാണ് വിജയ് ഹസാരെയിലെ ഋഷിയുടെ ഉയര്‍ന്ന സ്‌കോര്‍. 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

2016 ലാണ് ഋഷി ഇന്ത്യക്കായി അരങ്ങേറിയത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റം. കളിച്ച മൂന്ന് ഏകദിനത്തില്‍ നിന്ന് 12 റണ്‍സും ഒരു വിക്കറ്റുമാണ് റിഷിയുടെ അക്കൗണ്ടിലുള്ളത്. മികച്ച പ്രകടനം നടത്തന്‍ സാധിക്കാതായതോടെ ടീമില്‍ നിന്ന് പുറത്തായി. ഐപിഎല്ലിലും കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല.

click me!