SAvIND : ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; രാഹുല്‍ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും

By Web TeamFirst Published Dec 25, 2021, 10:08 AM IST
Highlights

ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് (Virat Kohli) കീഴില്‍ ടീം ഇന്ത്യ ആദ്യമായിറങ്ങുന്നു. കോച്ച് രാഹുല്‍ ദ്രാവിഡിന് (Rahul Dravid) കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്.

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക (SAvIND) ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കളിതുടങ്ങുക. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് (Virat Kohli) കീഴില്‍ ടീം ഇന്ത്യ ആദ്യമായിറങ്ങുന്നു. കോച്ച് രാഹുല്‍ ദ്രാവിഡിന് (Rahul Dravid) കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്. ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുമെന്നാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) നല്‍കുന്ന സൂചന.

രാഹുല്‍, മായങ്ക് അഗര്‍വാള്‍ (Mayank Agarwal), ചേതേശ്വര്‍ പുജാര (Cheteshwar Pujara), വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം മധ്യനിരയില്‍ ആരെ കളിപ്പിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഡീന്‍ എല്‍ഗാറിന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണുള്ളത്.

അതേസമയം, ടെസ്റ്റിന് മുന്നോടിയായി കോച്ച് രാഹുല്‍ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും. സാധാരണ ക്യാപ്റ്റനാണ് മത്സരത്തലേന്ന് മാധ്യമങ്ങളുമായി സംസാരിക്കാറുള്ളത്. ഇതുപോലെ വിദേശ പര്യടനത്തിന് മുന്‍പ് ക്യാപ്റ്റനും കോച്ചും ഒരുമിച്ച് മാധ്യമങ്ങളെ കാണുതന്നതാണ് പതിവ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും മുന്‍പ് വിരാട് കോലി മാത്രമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
 
എന്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനങ്ങളിലെ പതിവ് രീതിയില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തതയില്ല. ബിസിസിഐ ഇതുമായി ബന്ധപ്പെട്ട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

click me!