'ഇപ്പോള്‍ ലഭിക്കുന്ന തുക പര്യാപ്തമല്ല'; മുഹമ്മദ് ഷമിക്കെതിരെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍

Published : Nov 07, 2025, 04:22 PM ISTUpdated : Nov 07, 2025, 04:43 PM IST
Mohammed Shami and Hasin Jahan

Synopsis

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൂടുതൽ ജീവനാംശം ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. 

കൊല്‍ക്കത്ത: പ്രതിമാസം 10 ലക്ഷം രൂപ ജീവനാശം ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഷമിക്കും പശ്ചിമബംഗാള്‍ സര്‍ക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ല്‍ ഭുവിയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശമായും 2.5 ലക്ഷം രൂപ മകളുടെ പരിചരണത്തിനുമായും നല്‍കണമെന്ന്് കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോള്‍ ലഭിക്കുന്ന തുക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് ഹസിന്‍ വാദിച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി നല്‍കിയ തുക പര്യാപ്തമല്ലേ എന്ന് ചോദ്യം വാദത്തിനിടെ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായി. ഷമിയുടെ ഭാര്യയ്ക്കായി മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവര്‍ ഹാജരായി. ഷമിയുടെ വരുമാനവും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ ഈ തുക അപര്യാപ്തമാണെന്നും ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്നും ഹസിന്റെ അഭിഭാഷകന്‍ വാദിച്ചു. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഷമി മാസങ്ങളായി പണം നല്‍കുന്നത് മുടക്കിയെന്നും വാദമുണ്ടായി. മകള്‍ക്ക് പിതാവിന്റേതിന് സമാനമായ ജീവിത നിലവാരത്തിന് അര്‍ഹതയുണ്ടെന്നും അഭിഭാകന്‍ വാദിച്ചു. കേസ് ഡിസംബറില്‍ അടുത്തതായി പരിഗണിക്കും.

മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിന് പകരം പെണ്‍സുഹൃത്തിന്റെ മകള്‍ക്കും കുടുംബത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ അടുത്തിടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചിരുന്നു. പെണ്‍സുഹൃത്തിനും മകള്‍ക്കുമായി വാരിക്കോരി ചെലവഴിക്കുന്ന ഷമി സ്വന്തം മകളുടെ കാര്യം അന്വേഷിക്കുന്നില്ലെന്നും ഹസിന്‍ പറഞ്ഞു. തന്റെ മകളുടെ പിതാവ് കോടിപതിയായിട്ടും തങ്ങളുടെ ജീവിതം വെച്ച് കളിക്കുകയായിരുന്നുവെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമി സ്ത്രീലമ്പടനാണെന്നും ഹസിന്‍ പറയുന്നു.

സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി കാമുകിയ്ക്കും മകള്‍ക്കും ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുത്ത് നല്‍കി ധാരാളിത്തം കാണിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. 2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് ആര്യയെന്ന മകള്‍ ജനിച്ചു. പിന്നീട് കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞതിനുശേഷം ഹസിന്‍ ജഹാന്‍ നിരവധി തവണ ഷമിക്കെതിരെ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം