
മുംബൈ: ലോകകപ്പ് ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് ടീമിലിൽ ഇടം ഇല്ലെന്ന വിവരം ഗില്ലിനെ അറിയിച്ചത്. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ഇന്ത്യയുടെ ഏകദിന,ടെസ്റ്റ് ടീം നായകനും ടി20യിൽ ഏഷ്യാ കപ്പ് മുതൽ വൈസ് ക്യാപ്റ്റനും ഒപ്പം ഓപ്പണറുമായിട്ടും ഗിൽ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.
പവർപ്ലേയിലെ ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലൻസും മുൻനിർത്തിയാണ് ഗില്ലിനെ ഒഴിവാക്കയതെന്നാണ് റിപ്പോർട്ടുകൾ. ടി20യിൽ അടുത്തിടെയായി അത്ര മികച്ച റെക്കോർഡില്ല ഗില്ലിന്. 18 ഇന്നിങ്‌സുകളിൽ അർധസെഞ്ച്വറി നേടാനാവാതെ വിഷമിക്കുകയായിരുന്നു ഗിൽ. ലോകകപ്പ് ടീമിൽ ഗില്ലിന്‍റെ സ്ഥാനം സെലക്ഷൻ പാനൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു.
അഞ്ച് കാരണങ്ങൾ മുൻനിർത്തിയാണ് ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഗിൽ-അഭിഷേക് ഓപ്പണിങ് സഖ്യത്തെക്കാൾ വേഗത്തിൽ റൺസ് കണ്ടെത്തുന്നത് സഞ്ജു സാംസണ്‍-അഭിഷേക് സഖ്യമാണെന്ന് സെലക്ഷൻ കമ്മിറ്റി വിലയിരുത്തി. ആറ് വേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ചുകളില്‍ പവർപ്ലേ റൺസ് നിർണായകമാണെന്ന് കമ്മറ്റി വിലയിരുത്തി. അഭിഷേക് ശര്‍മ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുമ്പോൾ ഗില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിശബ്ദനായിരുന്നു. എന്നാല്‍ അഭിഷേകിനെപ്പോലും പലപ്പോഴും നിഷ്പ്രഭനാക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെന്നതും പവര്‍ പ്ലേയില്‍ രണ്ട് വശത്തുനിന്നും റണ്‍സ് വരേണ്ടതിന്‍റെ അനിവാര്യതയും സെലക്ടര്‍മാര്‍ കണക്കിലെടുത്തു.
നായകൻ സൂര്യകുമാർ യാദവ് റൺസ് കണ്ടെത്താൻ വിഷമിക്കുന്ന സാഹചര്യത്തിൽ മോശം ഫോമിലുള്ള മറ്റൊരു താരത്തെ കൂടി ഉൾക്കൊള്ളേണ്ടതില്ലെന്ന് സെലക്ടർമാർ തീരുമാനിച്ചു. ഫിനിഷിങ്ങിന് ഹാർദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിക്കുമെന്ന് കണ്ടാണ് ഫിനിഷറായി റിങ്കു സിങ്ങിനെ കൂടി ടീമിലെടുത്തത്. ഫിനിഷറായി റിങ്കുവും ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലെത്തിയതോടെയാണ് ബാക്കപ്പ് ഒപ്പണറായും വിക്കറ്റ് കീപ്പറായും ഇഷാൻ കിഷനെ ടീമിലെടുത്തത്.
സഞ്ജുവിനെ ഓപ്പണറാക്കുന്നത് സംബന്ധിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരത്തിന് മുന്പേ സെലക്ടർമാർ തീരുമാനമെടുത്തെന്നാണ് വിവരം. അതിന്റെ ഭാഗമായാണ് അഞ്ചാം മത്സരത്തിൽ ഓപ്പണരായും വിക്കറ്റ് കീപ്പറായും സഞ്ജുവിനെ ടീമിലെടുത്തത്. എന്നാൽ ഇക്കാര്യങ്ങൾ ഗില്ലിനോട് കൃത്യമായി പറഞ്ഞിരുന്നില്ലെന്നാണ് സൂചനകൾ. വാർത്താസമ്മേളനത്തിന് തൊട്ട് മുന്പ് മാത്രമാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ ഗില്ലിനോട് സംസാരിച്ചത്. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം നായകനോട് കൂടുതൽ മികച്ച ആശവിനിമയം നടത്താമായിരുന്നു എന്ന വാദവും ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!