
മുംബൈ: ഏഷ്യാ കപ്പിന് പിന്നാലെ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച ആദ്യം പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 11നാണ് ഏഷ്യാ കപ്പ് ഫൈനല്‍. ഇത് കഴിഞ്ഞ് സെപ്റ്റംബര്‍ 20 മുതലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
18-19 പേരുള്ള ടീമിനെയാകും സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക എന്നാണ് സൂചന. ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചവരെല്ലാം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ടീമിലുണ്ടാകും. ഏഷ്യാ കപ്പില്‍ തിളങ്ങിയാലും ഇല്ലെങ്കിലും വിരാട് കോലി ലോകകപ്പ് ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പിനുശേഷം മാത്രമെ കോലിയുചെ ടി20 ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യാനിടയുള്ളു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഈ മാസം 15നകം പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിര്‍ദേശം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് മുമ്പെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നതിനാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനവും ലോകകപ്പ് ടീമിലെ സ്ഥാനത്തെ ബാധിക്കില്ല. എങ്കിലും പരിക്കോ മറ്റ് കാരണങ്ങളാലോ ലോകകപ്പ് ടീമില്‍ നിന്ന് ഏതെങ്കിലും കളിക്കാരന് വിട്ടുനില്‍ക്കേണ്ടി വരികയാണെങ്കില്‍ ഓസ്ട്രേലിയക്കും ഇതിനുശേഷം നക്കുന്ന ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളില്‍ മികവു കാട്ടുന്നവരെ പകരം പരിഗണിക്കാനിടയുണ്ട്.
കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് 18-19 പേരുള്ള ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകളില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള ഏതാനും യുവതാരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്ന് മതുല്‍ തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ ചതുര്‍ദിന പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യ എ ടീമിനായി കളിക്കുന്നതിനാല്‍ റുതുരാജ് ഗെയ്ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക്, എന്നിവരെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പക്കുള്ള ടീമിലേക്ക് പരിഗണിക്കാനിടയില്ല.
എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആവേശ് ഖാനില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഇതുവരെ ലഭിക്കാത്തതിനാല്‍ പേസര്‍മാരില്‍ മുഹമ്മസ് സിറാജിനും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ സാധ്യത കല്‍പ്പിക്കുന്നവരുണ്ട്. പരിക്കേറ്റ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമോ എന്നും ആരാധകരില്‍ ആകാംക്ഷ നിറക്കുന്ന കാര്യമാണ്.