
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ള താരങ്ങളില്‍ പലര്‍ക്കും വിശ്രമം അവുവദിച്ചേക്കുമെന്നാണ് സൂചന. കോലിക്ക് വിശ്രമം അനുവദിക്കുകയാമെങ്കില്‍ രോഹിത് ശര്‍മയായിരിക്കും ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിക്കുക. എന്നാല്‍ ലോകകപ്പ് ടീമിലുണ്ടായിരുന്ന എം എസ് ധോണിയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ധോണി വിരമിക്കുമെന്ന സൂചനകള്‍ ഇതുവരെ നല്‍കിയിട്ടില്ല. വരും ദിവസങ്ങളില്‍ ധോണിയില്‍ നിന്ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്നോടിയായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വിരമിച്ചില്ലെങ്കിലും ഐപിഎല്ലില്‍ അടക്കം തുടര്‍ച്ചയായി കളിക്കുന്ന ധോണിക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്ത് തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കാക്കുക.
വിരാട് കോലിക്ക് പുറമെ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിക്കുമ്പോള്‍ ലോകകപ്പിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.ലോകകപ്പ് സെമിഫൈനലില്‍ ഇടുപ്പിന് പരിക്കേറ്റ ഹര്‍ദ്ദിക് പാണ്ഡ്യ, ലോകകപ്പിനിടെ പേശിവലിവിനെത്തുടര്‍ന്ന് മത്സരം നഷ്ടമായ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനവും കളിക്കുന്ന ഇന്ത്യ ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും കളിക്കും.