2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാതെ നോക്കിയത് താനെന്ന് എന്‍ ശ്രീനിവാസന്‍

By Web TeamFirst Published Aug 17, 2020, 1:44 PM IST
Highlights

ഒരു അവധി ദിവസം ഞാന്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന സഞ്ജയ് ജഗദാലെ എന്റെയടുത്ത് വന്ന് പറഞ്ഞത്, ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചുവെന്ന്.

ചെന്നൈ: ഇന്ത്യന്‍ ടീം ക്യാപ്റ്റനായി എം എസ് ധോണി തുടരാന്‍ കാരണം തന്റെ നിര്‍ണായക ഇടപെടലായിരുന്നുവെന്ന് വെളിപ്പെടുത്തി ബിസിസിഐ മുന്‍ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയുമായ എന്‍ ശ്രീനിവാസന്‍. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്  പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിനന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നുവെന്നും ശ്രീനിവാസന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

2011ലെ ലോകകപ്പ് ജയത്തിന് പിന്നാലെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും സമ്പൂര്‍ണ തോല്‍വി വഴങ്ങിയപ്പോള്‍ സെലക്ടര്‍മാരിലൊരാള്‍ അദ്ദേഹത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന നിലപാടെടുത്തു. എന്നാല്‍ ഞാനതിനെ ശക്തമായി എതിര്‍ത്തു. കാരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇന്ത്യക്കായി ലോകകപ്പ് സമ്മാനിച്ചത്. അതും 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍. ധോണിയെ പുറത്താക്കിയാല്‍ ആരെ ക്യാപ്റ്റനാക്കുമെന്നുപോലും സെലക്ടര്‍മാര്‍ ചിന്തിച്ചിരുന്നില്ല. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അദ്ദഹേത്തെ എങ്ങനെ മാറ്റുമെന്നതായിരുന്നു എന്റെ ചോദ്യം.

Also Read: ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് അവര്‍ സുഖമായി ഉറങ്ങിക്കാണും; ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് ഡീന്‍ ജോണ്‍സ്

ഒരു അവധി ദിവസം ഞാന്‍ ഗോള്‍ഫ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ബിസിസിഐ സെക്രട്ടറിയായിരുന്ന സഞ്ജയ് ജഗദാലെ എന്റെയടുത്ത് വന്ന് പറഞ്ഞത്, ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചുവെന്ന്. കളിക്കാരനായി ടീമില്‍ നിലനിര്‍ത്താനും അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന്. എന്നാല്‍ ധോണിയെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ ശക്തമായ നിലപാടെടുത്തു. ബിസിസിഐ പ്രസിഡന്റെന്ന നിലയിലുള്ള എന്റെ എല്ലാ അധികാരവും ഉപയോഗിച്ച് ഞാനത് തടഞ്ഞു-ശ്രീനിവാസന്‍ പറഞ്ഞു.


ബിസിസിഐയുടെ മുന്‍ ഭരണഘടന അനുസരിച്ച് ടീം സെലക്ഷന് പ്രസിന്റിന്റെ അന്തിമാനുമതി ആവശ്യമായിരുന്നു. എന്നാല്‍ നിലവിലെ ഭരണഘടന പ്രകാരം ചീഫ് സെലക്ടര്‍ക്ക് തന്നെ ടീമിനെ തെരഞ്ഞെടുക്കാം. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്ന ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കി. മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ നായകനായി. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയിലേക്ക് നയിച്ച ധോണി 2017ലാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.

ധോണിയോളം സമചിത്തതയും മാന്യതയുമുള്ള ഒറു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പോലും ധോണി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഒരിക്കലും മുന്‍വിധിയോടെ ആയിരിക്കില്ലെന്നും യുക്തിപരമായിരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ബിസിനസിലും ജിവിതത്തിലും ഒരുപാട് ആളുകളെ കണ്ടിട്ടുണ്ടെങ്കിലും ധോണിയോളം മാന്യതയും സമചിത്തതയുമുള്ള ഒരാളെ കണ്ടിട്ടില്ലെന്നും കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

click me!