
മൊഹാലി: ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ബറോഡയോട് തോൽവി. അഞ്ച് വിക്കറ്റിനാണ് ബറോഡ കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത കേരളത്തിന് മധ്യനിരയുടെ തകർച്ചയാണ് തിരിച്ചടിയായത്. ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 33 റൺസ് പിറന്നു. ഇരുവരും 21 റൺസ് വീതം നേടി. എന്നാൽ തുടർന്നെത്തിയവരിൽ അലീന സുരേന്ദ്രനും അക്ഷയയും മാത്രമാണ് രണ്ടക്കം കടന്നത്. അലീന 24ഉം അക്ഷയ 12ഉം റൺസ് നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നൃപയും കേശയുമാണ് ബറോഡയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡയ്ക്ക് 12 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ അമൃത ജോസഫും പി എൻ ഖേംനാറും ചേർന്ന 82 റൺസിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തിരിച്ചടിയായി. അവസാന രണ്ട് ഓവറുകളിൽ കേരളം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി.
എന്നാൽ അവസാന ഓവറിലെ അഞ്ചാം പന്തിൽ ബറോഡ ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി പി എൻ ഖേംനാർ 48ഉം അമൃത ജോസഫ് 33ഉം റൺസ് നേടി. കേരളത്തിന് വേണ്ടി ഇസബെൽ, സലോനി ഡങ്കോരെ, ദർശന മോഹനൻ, സജന സജീവൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക