
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊല്‍ക്കത്ത ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. തോല്‍വിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. എട്ട് ടെസ്റ്റില്‍ നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 54.17 പോയിന്റ് ശതമനമാണ് ഇന്ത്യക്കുള്ളത്. ജയത്തോടെ നിലവില്‍ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. 66.67 പോയിന്റ് ശതമാനവും അവര്‍ക്കുണ്ട്. പാകിസ്ഥാനെതിരെ ഒരു ടെസ്റ്റിലാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.
മൂന്നില്‍ മൂന്നും ജയിച്ച ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. 100 പോയിന്റ് ശതമാനമാണ് ഓസീസിന്. രണ്ട് മത്സരം മാത്രം കളിച്ച ശ്രീലങ്ക മൂന്നാം സ്ഥാനത്തുണ്ട്. 66.67 പോയിന്റ് ശതമാനമുള്ള ശ്രീലങ്ക രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിച്ചു. മറ്റൊരു മത്സര സമനിലയില്‍ അവസാനിക്കുകയായിരുന്നു. ലങ്കയ്ക്ക പിന്നില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. പാകിസ്ഥാനാണ് ഇന്ത്യക്ക് പിന്നില്‍. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയും. 50 പോയിന്റ് ശതമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് ജയിച്ച പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
അഞ്ച് മത്സരം കളിച്ച ഇംഗ്ലണ്ട് ആറാം സ്ഥാനത്താണ്. രണ്ട് വീതം ജയവും തോല്‍വിയുമുള്ള ഇംഗ്ലണ്ടിന് ഒരു മത്സരത്തില്‍ സമനിലയുമുണ്ട്. 43.33 പോയിന്റ് ശതമാനമാണ് ഇംഗ്ലണ്ടിന്. ഇനി ആഷസ് പരമ്പയിലാണ് ഇംഗ്ലണ്ട് കളിക്കുക. ബംഗ്ലാദേശാണ് ഇംഗ്ലണ്ടിന് പിന്നില്‍. ഒരു ജയവും ഒരു തോല്‍വിയും. 16.67 പോയിന്റ് ശതമാനമാണ് ബംഗ്ലാദേശിന്. അഞ്ചില്‍ അഞ്ച് മത്സരവും പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന് പോയിന്റൊന്നുമില്ല. ന്യൂസിലന്‍ഡ് ആവട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.