പരിചയസമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളും; കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങാന്‍ തൃശൂരിന്റെ ഏഴ് താരങ്ങള്‍

Published : Jul 18, 2025, 08:43 PM IST
Kerala Cricket League

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ തൃശൂരിൽ നിന്ന് ഏഴ് താരങ്ങൾ പങ്കെടുക്കുന്നു.

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍ നിന്ന് ഏഴ് താരങ്ങള്‍. എന്‍ എം ഷറഫുദ്ദീന്‍, സി വി വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ. എ. അരുണ്‍ , ടി. വി.കൃഷ്ണകുമാര്‍, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരാണ് തൃശൂരില്‍ നിന്നുള്ള താരങ്ങള്‍. പരിചയസമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളും ചേരുന്ന നീണ്ടൊരു നിരയാണ് തൃശൂരില്‍ നിന്ന് കെസിഎല്‍ രണ്ടാം സീസണിലേക്ക് ഉള്ളത്. കൊച്ചി ഒഴികെയുള്ള എല്ലാ ടീമുകളിലും ഇത്തവണ തൃശൂരില്‍ നിന്നുള്ള താരങ്ങളുടെ സാന്നിധ്യമുണ്ട്.

നിലവില്‍ കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍ റൌണ്ടര്‍മാരില്‍ ഒരാളാണ് ഷറഫുദ്ദീന്‍. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്‌സിനായി മികച്ച ബൌളിങ് പ്രകടനമായിരുന്നു ഷറഫുദ്ദീന്റേത്. 12 കളികളില്‍ നിന്ന് 19 വിക്കറ്റുകളുമായി ബൌളിങ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മികച്ച ബാറ്റിങ് പ്രകടനവും കണക്കിലെടുത്ത് ടൂര്‍ണ്ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഷറഫുദ്ദീനായിരുന്നു. സമീപ മാസങ്ങളില്‍ നടന്ന എന്‍എസ്‌കെ ട്രോഫിയിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി തെരഞ്ഞെടുഫക്കപ്പെട്ടു. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് കൊല്ലം ഷറഫുദ്ദീനെ നിലനിര്‍ത്തിയത്.

ഡല്‍ഹിയില്‍ കളിച്ച് വളര്‍ന്ന്, കുച്ച് ബിഹാര്‍ ട്രോഫിയിലൂടെ താരമായി ഉയര്‍ന്ന ബാറ്ററാണ് വത്സല്‍ ഗോവിന്ദ്. 2018-19ലെ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വത്സലായിരുന്നു. എട്ട് മല്‌സരങ്ങളില്‍ നിന്ന് 1235 റണ്‍സ്. ഈ പ്രകടനം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും കേരള രഞ്ജി ടീമിലേക്കും വഴി തുറന്നു. കഴിഞ്ഞ തവണയും കൊല്ലത്തിനായി കളിച്ച വത്സല്‍ ഗോവിന്ദിനെ ഒന്നര ലക്ഷം രൂപയ്ക്കാണ് ഇത്തവണയും ടീം ലേലത്തിലൂടെ നിലനിര്‍ത്തിയത്. ഒരു അര്‍ദ്ധസെഞ്ച്വറിയടക്കം 207 റണ്‍സായിരുന്നു വത്സല്‍ കഴിഞ്ഞ സീസണില്‍ നേടിയത്. ലീഗിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായ സി വി വിനോദ് കുമാറിനെ 6.20 ലക്ഷത്തിലാണ് തൃശൂര്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബാറ്റ് കൊണ്ടും തിളങ്ങാന്‍ കഴിയുന്ന താരമാണ് വിനോദ് കുമാര്‍.

കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന റിയ ബഷീറിനെ 1.6 ലക്ഷത്തിനാണ് ട്രിവാണ്‍ഡ്രം റോയല്‍സ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ഗോവിന്ദ് ദേവ് പൈ കഴിഞ്ഞാല്‍ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് റിയാ ബഷീറായിരുന്നു. എട്ട് മല്‌സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ അടക്കം 253 റണ്‍സായിരുന്നു കഴിഞ്ഞ സീസണില്‍ റിയ ബഷീര്‍ നേടിയത്. ഈ സീസണിലും റോയല്‍സ് പ്രതീക്ഷ വയ്ക്കുന്നൊരു താരമായ റിയ ബഷീര്‍ സമീപ കാലത്ത് കെസിഎ നടത്തിയ ടൂര്‍ണ്ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റോര്‍സിനായി ഇറങ്ങിയ അരുണ്‍ കെ എ ഇത്തവണ ആലപ്പുഴയ്‌ക്കൊപ്പമാണ്. 75000 രൂപയ്ക്കാണ് ആലപ്പുഴ അരുണിനെ ടീമിലെത്തിച്ചത്. കെസിഎല്ലില്‍ ആദ്യമായി കളിക്കാനൊരുങ്ങുന്ന ടി വി കൃഷ്ണകുമാറിനെ 75000 രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും ആതിഫ് ബിന്‍ അഷ്‌റഫിനെ 1.25 ലക്ഷത്തിന് തൃശൂരുമാണ് സ്വന്തമാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഈഡൻ കീഴടക്കി 'ഓറഞ്ച് ആർമി'; കൊൽക്കത്തയെ തകർത്തെറിഞ്ഞ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം
'7 വർഷം അവര്‍ക്കായി കളിച്ചിട്ടും അവനെ അവഗണിച്ചു', അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ തുറന്നടിച്ച് യുവരാജ്