Shadab Khan : വിറപ്പിച്ച ബാറ്റര്‍മാരുടെ പേരുമായി ഷദാബ് ഖാന്‍; ഒരാള്‍ ഇന്ത്യന്‍ സ്റ്റാര്‍

By Web TeamFirst Published Dec 22, 2021, 10:59 AM IST
Highlights

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേയും പേരാണ് ഷദാബ് ഖാന്‍ പറയുന്നത്

കറാച്ചി: പന്തെറിയാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റര്‍മാരുടെ പേരുകള്‍ ബൗളര്‍മാര്‍ വെളിപ്പെടുത്തുന്ന പതിവുണ്ട്. മുന്‍താരങ്ങളാണ് വിറപ്പിച്ച ബാറ്റര്‍മാരുടെ പേരുകള്‍ സാധരണഗതിയില്‍ പറയാറ്. എന്നാല്‍ തന്നെ വലച്ച ബാറ്റര്‍മാരുടെ പേരുമായി രംഗപ്രവേശനം ചെയ്‌‌തിരിക്കുകയാണ് പാകിസ്ഥാന്‍ സ്‌പിന്നര്‍ ഷദാബ് ഖാന്‍ (Shadab Khan). 

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേയും പേരാണ് ഷദാബ് ഖാന്‍ പറയുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു പാക് താരത്തിന്‍റെ മറുപടി. രാജ്യാന്തര ക്രിക്കറ്റില്‍ 15,000 റണ്‍സിലേറെയുള്ള രോഹിത് ശര്‍മ്മ സമകാലികരിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. വാര്‍ണറാവട്ടെ പ്രഹരശേഷി കൊണ്ട് നിലവിലെ ഓപ്പണര്‍മാരിലെ കരുത്തനും. 

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികളുള്ള ഏക താരമാണ് രോഹിത് ശര്‍മ്മ. 227 ഏകദിനങ്ങളില്‍ 48.96 ശരാശരിയില്‍ 9205 റണ്‍സ് ഹിറ്റ്‌മാനുണ്ട്. 43 ടെസ്റ്റില്‍ 3047 റണ്‍സും 119 രാജ്യാന്തര ടി20കളില്‍ 3197 റണ്‍സും രോഹിത്തിന് സ്വന്തം. ഏകദിനത്തില്‍ 29 ഉം ടെസ്റ്റില്‍ എട്ടും ടി20യില്‍ നാലും ശതകങ്ങള്‍ രോഹിത്തിനുണ്ട്. 213 ഐപിഎല്‍ മത്സരങ്ങളില്‍ 5611 റണ്‍സ് രോഹിത് നേടി. ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് രോഹിത്തിന്‍റെ അടുത്ത ഊഴം. പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കില്ല. ഏകദിനത്തില്‍ രോഹിത് കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത്താണ് നിലവില്‍ ടീം ഇന്ത്യയുടെ ഏകദിന, ടി20 നായകന്‍. 

Rohit Sharma and Warner https://t.co/qZLJCdJyae

— Shadab Khan (@76Shadabkhan)

അടുത്തിടെ ടി20 ലോകകപ്പില്‍ ഓസീസ് കിരീടമുയര്‍ത്തിയപ്പോള്‍ വാര്‍ണര്‍ ഏഴ് മത്സരങ്ങളില്‍ 289 റണ്‍സ് നേടിയിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ വാര്‍ണറുടെ 53 റണ്‍സ് നിര്‍ണായകമായി. 88 ടെസ്റ്റില്‍ 7513 റണ്‍സും 128 ഏകദിനങ്ങളില്‍ 5455 റണ്‍സും 88 രാജ്യാന്തര ടി20കളില്‍ 2554 റണ്‍സും വാര്‍ണര്‍ക്കുണ്ട്. ടെസ്റ്റില്‍ 24 ഉം ഏകദിനത്തില്‍ 18 ഉം ടി20യില്‍ ഒന്നും ശതകം അടിച്ചെടുത്തു. 150 ഐപിഎല്‍ മത്സരങ്ങളില്‍ 5449 റണ്‍സ് വാര്‍ണറുടെ മാറ്റ് കൂട്ടുന്നു. 

ടി20 ലോകകപ്പില്‍ സെമിയിലെത്തിയ പാക് ടീമില്‍ അംഗമായിരുന്നു ഷദാബ് ഖാന്‍. 2021ല്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും ഹൃദയഭേദകമായ നിമിഷം എന്നാണ് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ താരം വിശേഷിപ്പിച്ചത്. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം, 2018ലെ പിഎസ്എല്‍ കിരീടം, ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം എന്നിവയെ കരിയറിലെ അവിസ്‌മരണീയ നിമിഷങ്ങളായി ഷദാബ് തെരഞ്ഞെടുത്തു. 

Women's IPL : വേണം വനിതാ ഐപിഎല്‍, വനിതാ ക്രിക്കറ്റിന്‍റെ മുഖംമാറും; ശക്തമായി വാദിച്ച് സൂസീ ബേറ്റ്‌സ്

click me!