
ഇസ്ലാമാബാദ്: ടി20 ഫോര്‍മാറ്റില്‍ പാകിസ്ഥാന്റെ ദീര്‍ഘകാല ക്യാപ്റ്റനായി ഷദാബ് ഖാനെ നിയമിച്ചേക്കും. നിലവില്‍ സല്‍മാന്‍ അഗയാണ് പാകിസ്ഥാനെ നയിക്കുന്നത്. അഗയുടെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യയോടുള്ള മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇതോടെ അഗയുടെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. പിന്നാലെയാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഷദാബ്. ഈ ജൂലൈയില്‍ ഇംഗ്ലണ്ടില്‍ വച്ച് തോളില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു താരം. അടുത്തമാസം അദ്ദേഹത്തില്‍ വിശ്രമം കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാകിസ്ഥാന് വേണ്ടി 70 ഏകദിന മത്സരങ്ങള്‍ കളിച്ച ഓള്‍റൗണ്ടര്‍ 112 ടി20 മത്സരങ്ങളിലും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ജൂണ്‍ ആദ്യം ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി കളിച്ചത്, ഇതിനിടെ തോളിന് പരിക്കേറ്റു. ശസ്ത്രക്രിയയ്ക്ക് മുമ്പ്, അദ്ദേഹം ടി20 ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനായിരുന്നു.
27 കാരനായ അദ്ദേഹം ടി20 ക്രിക്കറ്റില്‍ പാകിസ്ഥാനെ നയിച്ചിട്ടുണ്ട്. കൂടാതെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും നയിച്ചുള്ള ക്യാപ്റ്റന്‍സി പരിചയവുമുണ്ട്. തല്‍ക്കാലം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അഗയെ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ടി20 ഫോര്‍മാറ്റില്‍ ദീര്‍ഘകാല ക്യാപ്റ്റനായി ഷദാബിനെ പരിഗണിക്കുന്നുണ്ട്. നവംബറില്‍ ശ്രീലങ്കയ്ക്കെതിരായ ഹോം പരമ്പരയില്‍ ഷദാബ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് വിശ്വസനീയമായ ഒരു വൃത്തങ്ങള്‍ പറയുന്നു.
അടുത്ത വര്‍ഷത്തെ ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി കൂടുതല്‍ ടി20 മത്സരങ്ങള്‍ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കന്‍ പരമ്പരയില്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് വിശ്രമം നല്‍കുന്നതിനെക്കുറിച്ചും ഹാരിസ് റൗഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!