
സെന്‍റ് ലൂയിസ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ക്രിക്കറ്റ് വിസ്‌മയം ഷെഫാലി വര്‍മ്മ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഷെഫാലി വര്‍മ്മ സ്വന്തമാക്കിയത്. സെന്‍റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യിലാണ് ഷെഫാലി റെക്കോര്‍ഡിട്ടത്.
അര്‍ധ സെഞ്ചുറി തികയ്‌ക്കുമ്പോള്‍ 15 വയസാണ് ഷെഫാലിക്ക് പ്രായം. 1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ 59 റണ്‍സ് നേടുമ്പോള്‍ 16 വയസും 214 ദിവസവുമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പ്രായം. അരങ്ങേറ്റ ടെസ്റ്റ് സീരിസിലെ രണ്ടാം ഇന്നിംഗ്‌സിലാണ് സച്ചിന്‍ അന്ന് റെക്കോര്‍ഡിട്ടത്.
ഷെഫാലിയുടെ ദിനം, റെക്കോര്‍ഡുകളുടെയും
സെന്‍റ് ലൂസിയയില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായ ഷെഫാലി വര്‍മ്മ 49 പന്തില്‍ 73 റണ്‍സെടുത്തു. ആറ് ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു 15കാരിയുടെ ഇന്നിംഗ്‌സ്. സഹ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്കൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ടും ഓപ്പണിംഗില്‍ ഷെഫാലി കുറിച്ചു. ഇരുവരും 15.3 ഓവറില്‍ 143 റണ്‍സ് ചേര്‍ത്തപ്പോള്‍ സ്‌മൃതി മന്ദാന 11 ബൗണ്ടറികള്‍ സഹിതം 46 പന്തില്‍ 67 റണ്‍സെടുത്തു.
ടി20യില്‍ ഏതൊരു വിക്കറ്റിലെയും ഇന്ത്യന്‍ താരങ്ങളുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഫെഷാലി- മന്ദാന വെടിക്കെട്ടില്‍ ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 185 റണ്‍സെടുത്തു. വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏതൊരു ടീമിന്‍റെയും ഉയര്‍ന്ന ടോട്ടലാണിത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് വനിതകള്‍ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 109 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരം 84 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!