ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സി തെറിപ്പിക്കണോ; മറുപടിയുമായി ഷാഹിദ് അഫ്രീദി

By Jomit JoseFirst Published Dec 21, 2022, 1:01 PM IST
Highlights

ബാബറിന്‍റെ ക്യാപ്റ്റന്‍സി മാറ്റമല്ല നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നാണ് അഫ്രീദിയുടെ വാദം

കറാച്ചി: ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ 0-3ന് ടെസ്റ്റ് പരമ്പര കൈവിട്ടതോടെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ കസേര ഇളകുന്ന സാഹചര്യമാണുള്ളത്. ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം. എന്നാല്‍ ബാബര്‍ അസമിന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പിന്തുണ ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. ബാബറിന്‍റെ ക്യാപ്റ്റന്‍സി മാറ്റമല്ല നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നാണ് അഫ്രീദിയുടെ വാദം. 

ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് അല്ല പരിഹാരം. ക്യാപ്റ്റന്‍റെ മനോഭാവം മാറണം. മാനേജ്‌മെന്‍റും മനോഭാവം മാറ്റണം. ക്യാപ്റ്റനിലും ടീമിലും നിന്ന് പ്രത്യേക തരം ശൈലിയിലുള്ള ക്രിക്കറ്റ് ആവശ്യപ്പെടണം. പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഉയരത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ ബാബറിന്‍റെ ചിന്താഗതി മാറണം. അത് അദേഹത്തിന്‍റെ മാത്രം തെറ്റോ ഉത്തരവാദിത്തമോ അല്ല. മാനേജ്‌മെന്‍റിനും ഉത്തരവാദിത്തമുണ്ട്. അവരാണ് മുതിര്‍ന്നവര്‍. എന്താണ് പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് എന്ന് താരങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് മാനേജ്‌മെന്‍റാണ്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ബാബറിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയാല്‍ അത് അനീതിയാവും എന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാനെ അവരുടെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു ബെന്‍ സ്റ്റോക്‌സിന്‍റെ ഇംഗ്ലണ്ട്. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 74 റണ്‍സിന് വിജയിച്ചപ്പോള്‍ മുള്‍ട്ടാനിലെ രണ്ടാം മത്സരം 26 റണ്‍സിനും കറാച്ചിയിലെ മൂന്നാം ടെസ്റ്റ് എട്ട് വിക്കറ്റിനും വിജയിച്ചു. ന്യൂസിലന്‍ഡിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് പാകിസ്ഥാന് ഇനി വരാനിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റെ ടേബിളില്‍ നിലവില്‍ ഏഴാമതാണ് പാക് ടീം. ഓസ്ട്രേലിയ ഒന്നും ഇന്ത്യ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കിവികള്‍ക്കെതിരെ ഡിസംബര്‍ 26 മുതല്‍ കറാച്ചിയില്‍ ആദ്യ ടെസ്റ്റും ജൂണ്‍ മൂന്ന് മുതല്‍ മുള്‍ട്ടാനില്‍ രണ്ടാം ടെസ്റ്റും നടക്കും. 

പോണ്ടിംഗിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ധോണി; കാരണങ്ങള്‍ എണ്ണിപ്പറ‌ഞ്ഞ് ബ്രാഡ് ഹോഗ്

click me!