ഹീത്തര്‍ ഗ്രഹാമിന് ഹാട്രിക്; വന്‍ തോല്‍വി വഴങ്ങി ഇന്ത്യന്‍ വനിതകള്‍, പൊരുതിയത് ദീപ്‌തി മാത്രം

By Jomit JoseFirst Published Dec 20, 2022, 10:05 PM IST
Highlights

മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്‌സിലെ നാലാം പന്തില്‍ സ്‌മൃതി മന്ഥാനയെ നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി

മുംബൈ: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ അഞ്ചാം ട്വന്‍റി 20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 54 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഇന്ത്യ 20-ാം ഓവറിലെ അവസാന പന്തില്‍ 142ല്‍ ഓള്‍ഔട്ടായി. ഓസ്ട്രേലിയക്കായി ഹീത്തര്‍ ഗ്രഹാം ഹാട്രിക് നേടി. രാജ്യാന്തര വനിതാ ടി20യില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് വനിതയാണ് ഹീത്തര്‍. ജയത്തോടെ പരമ്പര 4-1ന് സന്ദര്‍ശകര്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 196/4 (20), ഇന്ത്യ- 142 (20)

മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്‌സിലെ നാലാം പന്തില്‍ സ്‌മൃതി മന്ഥാനയെ(4 പന്തില്‍ 4) നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി.  ഷെഫാലി വര്‍മ്മ(14 പന്തില്‍ 13), ഹര്‍ലീന്‍ ഡിയോല്‍(16 പന്തില്‍ 24), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(11 പന്തില്‍ 12), റിച്ചാ ഘോഷ്(9 പന്തില്‍ 10), ദേവിക വൈദ്യ(14 പന്തില്‍ 11), രാധാ യാധവ്(1 പന്തില്‍ 0), അഞ്ജലി സാര്‍വാണി(12 പന്തില്‍ 4), രേണുക സിംഗ്(3 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. 34 പന്തില്‍ 53 റണ്‍സുമായി പൊരുതിയ ദീപ്‌തി ശര്‍മ്മയാണ് അവസാനക്കാരിയായി പുറത്തായത്. ഇതിനിടെ ഹീത്തര്‍ ഹാട്രിക് തികയ്ക്കുകയും ചെയ്തു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കുകയായിരുന്നു. ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറികളാണ് ഓസീസിനെ തുണച്ചത്. അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 129 റണ്‍സ് ഇരുവരും ചേര്‍ത്തത് ഇന്ത്യക്ക് ഭീഷണിയായി. 

തകര്‍ച്ചയോടെയായിരുന്നു ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ വനിതകളുടെ തുടക്കം. ഓപ്പണര്‍മാരായ ബേത്ത് മൂണിയും ഫീബി ലെച്ച്‌ഫീല്‍ഡും പുറത്താകുമ്പോള്‍ 3.3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്കുണ്ടായിരുന്നത്. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത മൂണിയെ അഞ്ജലി സാര്‍വാണി ബൗള്‍ഡാക്കിയപ്പോള്‍ 9 പന്തില്‍ 11 റണ്‍സെടുത്ത ലെച്ച്‌ഫീല്‍ഡിനെ ദീപ്‌തി ശര്‍മ്മയുടെ പന്തില്‍ റിച്ചാ ഘോഷ് സ്റ്റംപ് ചെയ്തു. ക്യാപ്റ്റന്‍ തഹീല മഗ്രാത്ത് 26 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും ഉള്‍പ്പടെ 26 റണ്‍സെടുത്തു. ഷെഫാലി വര്‍മ്മയ്‌ക്കായിരുന്നു മഗ്രാത്തിന്‍റെ വിക്കറ്റ്. റിച്ചാ ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു. 

14 പന്തില്‍ 18 റണ്‍സെടുത്ത എലിസ് പെറിയെ ദേവിക വൈദ്യ, ഹര്‍ലീന്‍ ഡിയോളിന്‍റെ കൈകളില്‍ എത്തിച്ചെങ്കിലും അഞ്ചാം വിക്കറ്റില്‍ ആഷ്‌ലി ഗാര്‍ഡ്‌നറും ഗ്രേസ് ഹാരിസും അ‍ര്‍ധസെഞ്ചുറികളുമായി ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗാര്‍ഡ്‌നര്‍ 32 പന്തില്‍ 66* ഉം ഗ്രേസ് 35 പന്തില്‍ 64* റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ തകര്‍ത്തടിക്കുകയായിരുന്നു ഇരുവരും. ഈ പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ഇന്ന് ഓസീസിന്‍റേതായി പിറന്നത്. 

ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി ആഷ്‌ലിയും ഗ്രേസും; ഓസീസ് വനിതകള്‍ക്ക് 196 റണ്‍സ്

click me!