അനീതിക്കെതിരെ എന്നും ശബ്ദമുയര്‍ത്തും; കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിനെ ന്യായീകരിച്ച് അഫ്രീദി

By Web TeamFirst Published Aug 4, 2020, 6:46 PM IST
Highlights

അഫ്രീദിയുടെ പ്രസ്താവനകള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കാറുള്ള ഇന്ത്യന്‍ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീറുമായി തനിക്ക് സൗഹൃദമുണ്ടെന്നും അഫ്രീദി അവകാശപ്പെട്ടു.

കറാച്ചി: കശ്മീര്‍ വിഷയത്തില്‍ നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ലോകത്തെവിടെയായാലും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നത് തന്റെ കടമയാണെന്ന് അഫ്രീദി പറഞ്ഞു. ദൈവഭയമുള്ള വ്യക്തിയെന്ന നിലയില്‍ അനീതി എവിടെ കണ്ടാലും അതിനെതിരെ നിലപാടെടുക്കും.

എന്തൊക്കെ സംഭവിച്ചാലും ഒരാള്‍ സത്യം മാത്രം പറയണമെന്ന വിശ്വാസക്കാരനാണ് ഞാന്‍. കാരണം മനുഷ്യത്വമാണ് എല്ലാറ്റിനും മുകളിലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ഉള്‍പ്പെട്ട വിഷയമാണെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാത്തതെന്നും അഫ്രീദി ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നദേന്ദ്ര മോദിയെ വിമര്‍ശിച്ച അഫ്രീദി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കശ്മീരില്‍ നിന്നുള്ള ടീമിനെയും ഉള്‍പ്പെടുത്തണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അഫ്രീദി ഇന്ത്യക്കെതിരെ നിലപാടുമായി രംഗത്തെത്തിയിരുന്നു.

ഗംഭീറുമായുള്ള ബന്ധത്തെത്തുക്കുറിച്ചും മനസുതുറന്ന് അഫ്രീദി

അഫ്രീദിയുടെ പ്രസ്താവനകള്‍ക്ക് അതേനാണയത്തില്‍ മറുപടി നല്‍കാറുള്ള ഇന്ത്യന്‍ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീറുമായി തനിക്ക് സൗഹൃദമുണ്ടെന്നും അഫ്രീദി അവകാശപ്പെട്ടു.  2007ല്‍ ഒരു മത്സരത്തിനിടെ ഇരുവരും ഗ്രൗണ്ടില്‍വെച്ച് കൊമ്പു കോര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അഫ്രീദിയുടെ പ്രതികരണം. ഗ്രൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവതത്തെ ബാധിക്കാറില്ലെന്നും ഗ്രൗണ്ടിന് പുറത്ത തങ്ങളെല്ലാം നല്ല സുഹത്തുക്കളാണെന്നും അഫ്രീദി പറഞ്ഞു.

ബാബര്‍ അസമോ വിരാട് കോലിയോ കേമന്‍

പാക് നായകന്‍ ബാബര്‍ അസമിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും അഫ്രീദി മനസ് തുറന്നു. ഇത്തരം താരതമ്യങ്ങള്‍ ബാബര്‍ അസമിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് അഫ്രീദി പറഞ്ഞു. പാക് ടീമിന്റെ നട്ടെല്ലാണ് ബാബര്‍ അസം. കോലിയുമായുള്ള താരതമ്യം അദ്ദേഹത്തില്‍ എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടാക്കുന്നതായി ഞാന്‍ കരുതുന്നില്ല. പാക്കിസ്ഥാനുവേണ്ടി ബാബര്‍ അസം ഒറ്റക്ക് മത്സരങ്ങള്‍ ജയിപ്പിക്കുന്നകാലം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അഫ്രീദി പറഞ്ഞു.

click me!