ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്രീദി; അതെന്റെ യഥാര്‍ത്ഥ പ്രായമല്ല

By Web TeamFirst Published May 2, 2019, 8:55 PM IST
Highlights

യഥാര്‍ത്ഥത്തില്‍ താന്‍ ജനിച്ചത് 1975ല്‍ ആണെന്ന് അഫ്രീദി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മാസമോ തിയതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല.

ദുബായ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയുടെ ആത്മകഥ. 37 പന്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിക്കുമ്പോള്‍ തനിക്ക് യഥാര്‍ത്ഥത്തില്‍ പതിനാറ് വയസായിരുന്നില്ല പ്രായമെന്നാണ് 'ദ് ഗെയിം ചേഞ്ചര്‍'എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലെ ഒരു അധ്യായത്തില്‍ അഫ്രീദി വെളിപ്പെടുത്തി. രാജ്യാന്തര ക്രിക്കറ്റില്‍ പതിനേഴ് വര്‍ഷം അഫ്രീദിയുടെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് തകരാതെ നിന്നിരുന്നു.

യഥാര്‍ത്ഥത്തില്‍ താന്‍ ജനിച്ചത് 1975ല്‍ ആണെന്നും അഫ്രീദി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ മാസമോ തിയതിയോ ഇതില്‍ വ്യക്തമാക്കിയിട്ടില്ല. 1996ല്‍ നെയ്റോബിയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു അഫ്രീദി 37 പന്തില്‍ സെഞ്ചുറി അടിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 48 പന്തില്‍ സെഞ്ചുറി നേടിയിരുന്ന ജയസൂര്യയുടെ റെക്കോര്‍ഡായിരുന്നു അഫ്രീദി അന്ന് മറികടന്നത്.

എന്നാല്‍ പുസ്തകത്തിലെ അടുത്തവരികളില്‍ അഫ്രീദി കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്. വേഗമേറിയ സെഞ്ചുറി അടിക്കുമ്പോള്‍ തനിക്ക് 19 വയസായിരുന്നു പ്രായമെന്നും അധികൃതര്‍ രേഖകളില്‍ തെറ്റായി പ്രായം രേഖപ്പെടുത്തകയായിരുന്നുവെന്നും അഫ്രീദി അടുത്തവരിയില്‍ പറയുന്നു. അഫ്രീദി പറയുന്നതുപോലെ 1975ലാണ് ജനിച്ചതെങ്കില്‍ 1996ല്‍ അഫ്രീദിക്ക് 21 വയസെങ്കിലും പ്രായമുണ്ടാകും.

പാക്കിസ്ഥന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി കളിക്കുമ്പോഴാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാന്‍ അഫ്രീദിയെ ദേശീയ ടീമിലെടുക്കുന്നത്. അതായത് അഫ്രീദി പറയുന്നത് വിശ്വസിച്ചാല്‍ അണ്ടര്‍ 19 ടീമില്‍ കളിക്കാനും അഫ്രീദി ആ സമയം യോഗ്യനല്ലായിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക രേഖകളില്‍ അഫ്രീദി ജനിച്ചത് 1980ലാണ്. അഫ്രീദിയുടെ വെളിപ്പെടുത്തല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ വെട്ടിലാക്കുമെന്നാണ് കരുതുന്നത്.

click me!