
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ദുബായില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ സൗഹാര്‍ദ്ദപരമായിരുന്നു ഇരു ടീമുകളിലെയും കളിക്കാരുടെ പെരുമാറ്റം. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെ പിന്നിലൂടെ ചെന്ന് ചേര്‍ത്തുപിടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ കളിക്കളത്തില്‍ സൗഹൃദം പരക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ ടെലിവിഷന്‍ ചര്‍ച്ചയിലിരുന്ന് തന്‍റെ ദേഷ്യം മുഴുവന്‍ പുറത്തെടുക്കുകയായിരുന്നു മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി. ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗും ചര്‍ച്ചയിലുണ്ടായിരുന്നു.
ചര്‍ച്ചക്കിടെ ഇന്ത്യന്‍ താരങ്ങളുമായുള്ള സൗഹൃദം വിശദീകരിക്കവെ ഗൗതം ഗംഭീറിന്‍റെ പേര് പരാമര്‍ശിച്ചപ്പോള്‍ അഫ്രീദി പറഞ്ഞത് ഞാനും ഗംഭീറും തമ്മില്‍ നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ അതും ഇതും പറഞ്ഞ് പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്. ഗൗതം ഗംഭീറിന്‍റേത് ഒരു പ്രത്യേകതരം സ്വഭാവമാണ്, എന്തിന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുപോലും ഗംഭീറിനെ ഇഷ്ടമല്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു. ഇതുകേട്ട് ഹര്‍ഭജനും അവതാരകനും ചിരിച്ചുവെങ്കിലും ആരാധകര്‍ അത് അത്ര ലളിതാമയല്ല എടുത്തത്.
അവര്‍ ഈ ട്വിറ്റര്‍ വീഡിയോക്ക് താഴെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. അഫ്രീദിയുടെ പരാമര്‍ശം കേട്ട് ചിരിച്ച ഹര്‍ഭജന്‍ സിംഗിനെയും അവതാരകന്‍ വിക്രാന്ത് ഗുപ്തയെയും ആാരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചു. അഫ്രീദി എന്തെങ്കിലും പറയട്ടെ പകഷെ ഗംഭീറിന് കീഴില്‍ കളിച്ചിട്ടുള്ള ഹര്‍ഭജന് എങ്ങനെയാണ് ഇത്തരം വിടുവായത്തം കേട്ട് ചിരിക്കാനാവുന്നതെന്ന് ആരാധകര്‍ ചോദിച്ചു.
ഏഷ്യാ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും തോല്‍ക്കാനായി കളിച്ചു, തുറന്നടിച്ച് ഷൊയൈബ് അക്തര്‍
ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ ചര്‍ച്ചയിലായിരുന്നു അഫ്രീദിയുടെ വിവാദ പരാമര്‍ശങ്ങള്‍. അഫ്രീദിയുടെ പരാമര്‍ശങ്ങളോട് ഏഷ്യാ കപ്പില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ അവതാരകന്‍ കൂടിയായ ഗംഭീര്‍ പ്രതികരിച്ചിട്ടില്ല. മുമ്പും അഫ്രീദിയും ഗംഭീറും തമ്മില്‍ കളിക്കളത്തിലും സമൂഹമാധ്യമങ്ങളിലും പരസ്പരം കൊമ്പു കോര്‍ത്തിട്ടുണ്ട്.