ടി20 ലോകകപ്പ്: 'അവന് കളി അറിയാം, റിസ്‌വാന് കണ്ടു പഠിക്കട്ടെ'; സൂര്യകുമാറിനെക്കുറിച്ച് അഫ്രീദി

By Gopala krishnanFirst Published Nov 8, 2022, 12:15 PM IST
Highlights

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബാറ്റിംഗില്‍ സൂര്യകുമാര്‍ പുലര്‍ത്തുന്ന ഫ്ലെക്സിബിലിറ്റിയില്‍ നിന്ന് റിസ്‌വാന് എന്തങ്കിലും പഠിക്കാനുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു അഫ്രീദിയുടെ മറുപടി. 

ലാഹോര്‍: ടി20 ലോകകപ്പിന് മുമ്പെ തുടങ്ങിയ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം നമ്പറിനായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ ജയിച്ചു നില്‍ക്കുന്നത് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ്. ലോകകപ്പ് തുടങ്ങുമ്പോള്‍ പാക് ഓപ്പണറായ മുഹമ്മദ് റിസ്‌വാനായിരുന്നു ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ലോകകപ്പില്‍ നേടിയ മൂന്ന് തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളൂടെ സൂര്യകുമാര്‍, റിസ്‌വാനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തെത്തി.

ലോകകപ്പില്‍ സൂര്യകുമാര്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുമ്പോള്‍ റിസ്‌വാന് തന്‍റെ പതിവ് താളം വീണ്ടെടുക്കാനായിട്ടില്ല. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ സൂപ്പര്‍ 12വിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി പാക്കിസ്ഥാന്‍ സെമിയിലെത്തിയിരുന്നു. ഓപ്പണറായി ഇറങ്ങിയ റിസ്‌‌വാന്‍ 32 പന്തില്‍ 32 റണ്‍സെടുത്തെങ്കിലും ഓപ്പണിംഗിലെ മെല്ലെപ്പോക്ക് പാക്കിസ്ഥാനെ മത്സരത്തില്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

അവര്‍ വിശ്രമിക്കട്ടെ; പേസര്‍മാര്‍ക്കായി ബിസിനസ് ക്ലാസ് ടിക്കറ്റ് ഒഴിഞ്ഞുകൊടുത്ത് ദ്രാവിഡും രോഹിത്തും കോലിയും

വണ്‍ ഡൗണായി ഇറങ്ങിയ മുഹമ്മദ് ഹാരിസിന്‍റെ വെടിക്കെട്ടാണ് പാക്കിസ്ഥാന്‍റെ സമ്മര്‍ദ്ദം അകറ്റിയത്. ഇതേദിവസം നടന്ന ഇന്ത്യ-സിംബാബ്‌‌വെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സൂര്യകുമാറാകട്ടെ 25 പന്തില്‍ 61 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഈ രണ്ട് പ്രകടനങ്ങളെയും താരതമ്യം ചെയ്ത് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബാറ്റിംഗില്‍ സൂര്യകുമാര്‍ പുലര്‍ത്തുന്ന ഫ്ലെക്സിബിലിറ്റിയില്‍ നിന്ന് റിസ്‌വാന് എന്തങ്കിലും പഠിക്കാനുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു അഫ്രീദിയുടെ മറുപടി.  നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. സൂര്യകമാറിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം അയാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ 200-250 മത്സരങ്ങള്‍ കളിച്ചശേഷമാണ് ടീമിലെത്തിയത് എന്നതാണ്. അതുകൊണ്ടുതന്നെ അയാളുടെ കളിയെക്കുറിച്ച് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്. ഏത് പന്തുകള്‍ ലക്ഷ്യമിടണമെന്നും അയാള്‍ക്കറിയാം. കാരണം, അയാള്‍ അത്തരം പന്തുകളില്‍ ആ ഷോട്ടുകള്‍ അയാള്‍ നിരന്തരം പരിശീലിക്കുന്നുണ്ട്. ഈ ഫോര്‍മാറ്റില്‍ ബാറ്റര്‍മാര്‍ ചെയ്യേണ്ടതും സ്വന്തം കളി മെച്ചപ്പെടുത്തേണ്ടതും അങ്ങനെയാണെന്നും അഫ്രീദി പറഞ്ഞു.

വിശ്വാസം കാക്കാതെ കാര്‍ത്തിക്കും റിഷഭ് പന്തും, സെമിയില്‍ രാഹുലിനെ കീപ്പറാക്കണമെന്ന് ആവശ്യം

ടി20 ലോകകപ്പിലെ ആദ്യ സെമിയില്‍ നാളെ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

click me!