ഇംഗ്ലണ്ടിലെ വിജയം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും പട്ടാളക്കാര്‍ക്കും സമര്‍പ്പിക്കും: ഷമി

By Web TeamFirst Published Jun 1, 2021, 11:43 AM IST
Highlights

ഇംഗ്ലണ്ടിലെ ഒരോ വിജയങ്ങളും മഹമാരിക്കിടയിയും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പട്ടാളക്കാര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുമെന്ന് ഷമി പറഞ്ഞു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. നാളെയാണ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നത്. കടുത്ത ക്വാറന്റീനിലൂടെയാണ് ടീം പോയികൊണ്ടിരിക്കുന്നത്. ഇവിടെ 10 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ ഇംഗ്ലണ്ടില്‍ എട്ട് ദിവസത്തെ ക്വറന്റീനുണ്ട്. ഇക്കാലയളവില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താം. യാത്രയ്ക്ക് മുന്നോടിയായി പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.

ഇംഗ്ലണ്ടിലെ ഒരോ വിജയങ്ങളും മഹമാരിക്കിടയിയും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന പട്ടാളക്കാര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുമെന്ന് ഷമി പറഞ്ഞു. ഷമിയുടെ വാക്കുകള്‍.. ''ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ട്. കാരണം അവരാണ് നേരത്തെ എത്തിയത്. മാത്രമല്ല, ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിക്കുന്നുമുണ്ട്. എന്നാല്‍ ഹോം അഡ്വാന്റേജ് രണ്ട് ടീമിനും ലഭിക്കില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് തെറ്റുകളൊന്നും ഉണ്ടാവില്ലെന്ന് കരുതാം. 

ഇന്ത്യയെ പോലെ ന്യൂസിലന്‍ഡും മികച്ച ടീമാണ്. അതുകൊണ്ടുതന്നെ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവര്‍ ജയിക്കും. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നന്നായി ചെയ്യുമെന്നാണ് പ്രതീക്ഷ. ഓസീസിനേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ചാണ് ഇന്ത്യ വരുന്നത്. എല്ലാവരും ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ടില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 

രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ കഴിവിന്റെ നൂറ് ശതമാനവും സമര്‍പ്പിക്കാറുണ്ട്. രാജ്യമാണ് എല്ലാത്തിനേക്കാളും വലുത്. ബാറ്റ്‌സ്മാനോ ബൗളറോ ആവട്ടെ ഒരു യൂനിറ്റായിട്ടാണ് ടീം വര്‍ക്ക് ചെയ്യുന്നത്. ഈ നില തുടരാനാകുമെന്നും ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ആ വിജയം ഞാന്‍ പട്ടാളക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡോക്റ്റര്‍മാര്‍ക്കും സമര്‍പ്പിക്കും. ഈ മഹാമാരിക്കിടയില്‍ വലിയ സേവനമാണ് അവര്‍ ചെയ്യുന്നത്.'' ഷമി പറഞ്ഞുനിര്‍ത്തി.

ഈ മാസം 18നാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലും ഇന്ത്യ കളിക്കും.

click me!