കുംബ്ലെയെ പിന്തള്ളാന്‍ സുവര്‍ണാവസരം; കിവീസിനെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ആന്‍ഡേഴ്‌സണ്‍ നേട്ടങ്ങള്‍ക്കരികെ

By Web TeamFirst Published May 31, 2021, 5:48 PM IST
Highlights

ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ആന്‍ഡേഴ്‌സണെ കാത്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. 
 

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ സുപ്രധാന നേട്ടത്തിനരികെ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ആന്‍ഡേഴ്‌സണെ കാത്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പരമ്പര ആരംഭിക്കുന്നത്. 

നിലവില്‍ 614 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണിന്റെ അക്കൗണ്ടിലുള്ളത്. ആറ് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ കുംബ്ലയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ആന്‍ഡേഴ്‌സണ് സാധിക്കും. 619 വിക്കറ്റുകളാണ് ഇന്ത്യയുടെ ഇതിഹാസ സ്പിന്നറുടെ പേരിലുള്ളത്. 800 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഒന്നാമന്‍. മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ 708 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ്.

ആദ്യ മത്സരത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താനും ആന്‍ഡേഴ്‌സണിന് സാധിക്കും. 160 ടെസ്റ്റുകള്‍ ആന്‍ഡേഴ്‌സണ്‍ കളിച്ചിട്ടുണ്ട്. 161 ടെസ്റ്റ് കളിച്ചിട്ടുള്ള മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കാണ് ഒന്നാമന്‍.  എട്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആയിരം വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടാനും താരത്ത്ിന് സാധിക്കും. 

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംബാബ്‌വെയ്‌ക്കെതിരെ ലോര്‍ഡ്‌സിലാണ് ആന്‍ഡേഴ്‌സണ്‍ അരങ്ങേറുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റും ലോര്‍ഡ്സിലാണ്. ലോര്‍ഡ്‌സില്‍ മാത്രം 103 വിക്കറ്റുകള്‍ ആന്‍ഡേഴ്‌സണ്‍ വീഴ്ത്തി. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

click me!