Asianet News MalayalamAsianet News Malayalam

ഖത്തറിലെ കാണികളുടെ എണ്ണം ചരിത്ര പുസ്തകത്തിലേക്ക്; ഒറ്റപ്പേര്, അർജന്റീന, ഈ റെക്കോർഡ് ഇനി ആര് മറികടക്കും?

യുഎസ് വേദിയൊരുക്കിയ 1994ലെ ലോകകപ്പ് ഫൈനൽ കാണാൻ 91,194 പേരാണ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇതിന് ശേഷം ഏറ്റവും കൂടുതൽ പേർ നേരിട്ട് വീക്ഷിച്ച ലോകകപ്പ് മത്സരമായാണ് അർജന്റീന മെക്സിക്കോ പോരാട്ടം മാറിയത്.

Biggest World Cup crowd in 28 years witnessed Argentina beat Mexico
Author
First Published Nov 27, 2022, 7:11 PM IST

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ജയം അർജന്റീന കുറിച്ചത് ലുസൈൽ സ്റ്റേഡിയത്തിലെത്തിയ 88,966 കാണികൾക്ക് മുന്നിൽ. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയ മത്സരം കൂടിയായി അർജന്റീന മെക്സിക്കോ പോരാട്ടം മാറി. ഒപ്പം മറ്റൊരു റെക്കോർഡ് കൂടെ ഈ മത്സരം സ്വന്തമാക്കി. 28 വർഷത്തിനിടെ ഒരു ലോകകപ്പ് മത്സരം വീക്ഷിക്കാനെത്തിയ കാണികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് ലിയോണൽ മെസിയുടെ മാജിക്ക് ഒരിക്കൽ കൂടെ പിറന്ന ​ഗ്രൂപ്പ് മത്സരം.

യുഎസ് വേദിയൊരുക്കിയ 1994ലെ ലോകകപ്പ് ഫൈനൽ കാണാൻ 91,194 പേരാണ് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇതിന് ശേഷം ഏറ്റവും കൂടുതൽ പേർ നേരിട്ട് വീക്ഷിച്ച ലോകകപ്പ് മത്സരമായാണ് അർജന്റീന മെക്സിക്കോ പോരാട്ടം മാറിയത്. 1994ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ ആണ് കിരീടം ചൂടിയത്. എന്നാൽ, ഖത്തറിലെ ഹാജർ കണക്കുകൾ ലോകകപ്പിലെ എക്കാലത്തെയും മികച്ച 30 മത്സരങ്ങളിൽ ഉൾപ്പെട്ടിട്ടില്ല.

ബ്രസീൽ വേദിയൊരുക്കിയ 1950ലെ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരും ഉറു​ഗ്വെയും അവസാന അങ്കത്തിൽ ഏറ്റുമുട്ടിയപ്പോൾ 173,850 പേരാണ് മത്സരം നേരിട്ട് കാണാൻ എത്തിയത്. എന്നാൽ, ആതിഥേയരായ ബ്രസീൽ അന്ന് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ഉറു​ഗ്വെയോട് തോൽവിയറിഞ്ഞു. വിഖ്യാതമായ മാറക്കാന സ്റ്റേഡിയമാണ് അന്ന് വാശിയേറിയ പോരാട്ടത്തിന് വേദിയായത്. മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയം, ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം, ബാഴ്‌സലോണയിലെ ക്യാമ്പ് നൗ എന്നിവയാണ് കാണികളുടെ എണ്ണത്തിൽ ടോപ്പ് 30 പട്ടികയിൽ ഇടംപിടിച്ച മറ്റ് സ്റ്റേഡിയങ്ങൾ.

അതേസമയം, വൻ ജനാവലിക്ക് മുന്നിൽ നടന്ന മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് പ്രീക്വാർട്ടർ പ്രതീക്ഷ അർജന്‍റീന സജീവമാക്കി. നിർണായക മത്സരത്തിൽ ലിയോണൽ മെസിയുടെയും എൻസോ ഫെർണാണ്ടസിന്‍റേയും ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ ജയം. ഏഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ മെസി 64-ാം മിനുറ്റിലും മെസിയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് 87-ാം മിനുറ്റിലുമാണ് ലക്ഷ്യം കണ്ടത്. മെക്‌സിക്കോയുടെ കടുത്ത പ്രതിരോധം മറികടന്നാണ് അര്‍ജന്‍റീനയുടെ വിജയം. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. 

ഐതിഹാസിക വിജയം നേടിയ സൗദി താരങ്ങൾക്ക് റോള്‍സ് റോയ്സ് കിട്ടുമോ? പരിശീലകന് പറയാനുള്ളത്

Follow Us:
Download App:
  • android
  • ios