
മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക്(Hardik Pandya) സംഭവിച്ച പരിക്കിനെക്കുറിച്ച് മനസുതുറന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). ഹാര്‍ദ്ദിന്‍റെ നടുവിനേറ്റ പരിക്ക് താന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും മണിക്കൂറുകള്‍ക്ക് ശേഷം അത് ഗ്രൗണ്ടില്‍ യാഥാര്‍ഥ്യമായത് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ആകാശ് ചോപ്രയുമായി(Aakash Chopra) യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.
2018ലെ ഏഷ്യാ കപ്പ്(2018 Asia Cup) സമയത്ത് പാണ്ഡ്യയെ കണ്ടപ്പോള്‍ അവന്‍റെ ബൗളിംഗ് ആക്ഷനും മെലിഞ്ഞ ശരീരപ്രകൃതിയും വെച്ച് നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പായിരുന്നു ഇത്. എന്നാല്‍ മണിക്കൂറുകള്‍ക്കുശേഷം പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ പതിനെട്ടാം ഓവര്‍ എറിഞ്ഞ പാണ്ഡ്യ നടുവില്‍ കൈവെച്ച് മുടന്തുന്നതു കണ്ടു.
ദുബായില്‍വെച്ച് ജസ്പ്രീത് ബുമ്രക്കും(Jasprit Bumrah) ഇതേരീയില്‍ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നെപ്പോലൊരാള്‍ക്ക് ഉറച്ച ശരീരപ്രകൃതിയുള്ളതിനാല്‍ ഇത്തരം പരിക്ക് പറ്റിയാലും പിടിച്ചുനില്‍ക്കാനാവും. എന്നാല്‍ ബുമ്രയെയും പാണ്ഡ്യയെയും പോലെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് ഈ പരിക്ക് വലിയ തിരിച്ചടിയാവും. പാക്കിസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പരിക്ക് പറ്റാനുള്ള സാധ്യതയെക്കുറിച്ച് ഞാന്‍ പാണ്ഡ്യയോട് സംസാരിച്ചത്. താന്‍ ഒരുപാട് കാലമായി ഈ ശരീരംവെച്ച് ക്രിക്കറ്റ് കളിക്കുന്നുവെന്നായിരുന്നു പാണ്ഡ്യയുടെ മറുപടി.
എന്നാല്‍ മണിക്കൂറുകള്‍ക്കകം പാണ്ഡ്യ പരിക്കേറ്റ് വീണത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും അക്തര്‍ പറഞ്ഞു. ഉറച്ച ശരീരപ്രകൃതി പേസ് ബൗളര്‍മാര്‍ക്ക് അനിവാര്യമണെന്നും അക്തര്‍ വ്യക്തമാക്കി.നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന പാണ്ഡ്യയെ ഇപ്പോഴും പരിക്ക് അലട്ടന്നുണ്ടെന്നാണ് സൂചന.
പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാതിരുന്ന പാണ്ഡ്യയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പന്തെറിയുമെന്ന് കരുതിയ പാണ്ഡ്യ ബാറ്ററായി ടീമിലിടം പിടിച്ചത് ഇന്ത്യയുടെ ടീം കോംബിനേഷനെ ബാധിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!