'നിങ്ങള്‍ അയാളെ നാണംകെടുത്തുന്നു'; മോശം ഫോമിന്‍റെ പേരില്‍ കോലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി അക്തര്‍

By Gopalakrishnan CFirst Published Jul 16, 2022, 5:37 PM IST
Highlights

വിരാട് കോലിയുടെ ഫോമില്ലായ്മയെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. കോലിയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തെ മാധ്യമങ്ങളിലൂടെ നാണം കെടുത്തുകയാണെന്നും അക്തര്‍ പറഞ്ഞു.

ലണ്ടന്‍: മോശം ഫോമിന്‍റെ പേരില്‍ വിരാട് കോലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. എത്രയൊക്കെ വിമര്‍ശിച്ചാലും കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും മഹാനായ ക്രിക്കറ്റാണ് വിരാട് കോലിയെന്ന് അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

കോലിയെക്കുറിച്ച് ഞാനൊരുപാട് വിമര്‍ശനങ്ങള്‍ കേട്ടു. കോലിയെ ടീമില്‍ നിന്നൊഴിവാക്കണമെന്നും, കോലിയുടെ കാലം കഴിഞ്ഞുവെന്നും, കോലിയില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നുമെല്ലാമുള്ള വിമര്‍ശനങ്ങളാണ് കൂടുതലും കേട്ടത്. എന്നോട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരോടെല്ലാം ഞാന്‍ പറഞ്ഞത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രിക്കറ്റില്‍ ഉണ്ടായ മഹാനായ കളിക്കാരനാണ് വിരാട് കോലി. അയാള്‍ക്ക് ഒന്നോ രണ്ടോ മോശം വര്‍ഷങ്ങളുണ്ടായിട്ടുണ്ടാകും. അപ്പോഴും അയാള്‍ റണ്‍സടിച്ചിട്ടുണ്ട്. സെഞ്ചുറികള്‍ ഇല്ലെന്നെയുള്ളൂവെന്നും അക്തര്‍ പറഞ്ഞു.

ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും കോലി ഫോമിലായാല്‍ മതിയെന്ന് കപില്‍ ദേവ്

വിരാട് കോലിയുടെ ഫോമില്ലായ്മയെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. കോലിയെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തെ മാധ്യമങ്ങളിലൂടെ നാണം കെടുത്തുകയാണെന്നും അക്തര്‍ പറഞ്ഞു. അയാളുടെ നേട്ടങ്ങളെ കുറച്ചു കാണുകയാണ് അവര്‍. എങ്ങനെയാണ് അവര്‍ക്ക് കോലിയെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് പറയാനാവുന്നത്.  കപില്‍ദേവ് എന്‍റെ സീനിയര്‍ താരമാണ്.അദ്ദേഹത്തോട് എനിക്ക് ബഹുമാനവുമുണ്ട്. ഇതിഹാസ താരമായ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാം, അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ 70 രാജ്യാന്തര സെഞ്ചുറികളുള്ള മഹാനായൊരു താരത്തെക്കുറിച്ച് ഇങ്ങനെ പറയാമോ.

പിന്തുണച്ചുള്ള ബാബ‍ര്‍ അസമിന്‍റെ മനോഹര ട്വീറ്റ്; കോലി പ്രതികരിച്ചിരുന്നേല്‍ ഗംഭീരമായേനേ: ഷാഹിദ് അഫ്രീദി

നിലവിലെ ഫോം നഷ്ടം മറികടക്കാന്‍ കോലി ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ കോലിയെ കൂടുതല്‍ കരുത്തനാക്കുകയെ ഉള്ളൂവെന്നും അക്തര്‍ പറഞ്ഞു. വലിയ താരമായതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. അതില്‍ ഭയപ്പെടരുത്. കരുത്തനായ ഒരു വ്യക്തിയെ ആണ് നിങ്ങള്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ക്രീസില്‍ ഉറച്ചു നിന്ന് പൊരുതാനാണ് കോലി ശ്രമിക്കേണ്ടതെന്നും അക്തര്‍ പറഞ്ഞു.

click me!