ബാബര്‍ അസമിന് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു

ലാഹോര്‍: ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയെ(Virat Kohli) പിന്തുണച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബ‍ര്‍ അസം(Babar Azam) രംഗത്തെത്തിയത് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 'ഈ കാലവും കടന്നുപോകും, കരുത്തോടെയായിരിക്കുക' എന്നായിരുന്നു ബാബറിന്‍റെ ട്വീറ്റ്. ഈ ട്വീറ്റിനോട് കോലി പ്രതികരിച്ചിരുന്നേല്‍ കൂടുതല്‍ മനോഹരമായിരുന്നേനേ എന്ന് വിലയിരുത്തുകയാണ് മുന്‍താരം ഷാഹിദ് അഫ്രീദി(Shahid Afridi). 

'ക്രിക്കറ്റും മറ്റെല്ലാ കായികയിനങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അത്‌ലറ്റുകള്‍ക്ക് ചെയ്യാനാകും. ബാബ‍ര്‍ ഗംഭീര സന്ദേശമാണ് കോലിക്ക് നല്‍കിയത്. കോലിയുടെ ഭാഗത്തുനിന്ന് ഇതിനോട് എന്തെങ്കിലും പ്രതികരണം ഉണ്ടായോ എന്നറിയില്ല. വിരാട് കോലി ട്വീറ്റിനോട് പ്രതികരിക്കണമായിരുന്നു എന്നാണ് കരുതുന്നത്. ബാബറിന്‍റെ ട്വീറ്റിന് കോലി മറുപടി നല്‍കിയാല്‍ അത് വലിയൊരു കാര്യമായിരിക്കും' എന്നുമാണ് സമാ ടിവിയോട് അഫ്രീദിയുടെ വാക്കുകള്‍. 

Scroll to load tweet…

ബാബര്‍ അസമിന് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോലിക്ക് രണ്ടുതവണ ഹിറ്റ്‌മാന്‍റെ പരസ്യ പിന്തുണയുണ്ടായി എന്നതും ശ്രദ്ധേയമാണ്. 'കഴിഞ്ഞ വാ‍ര്‍ത്താസമ്മേളനത്തിലും ഞാന്‍ പറഞ്ഞിരുന്നു. ഏതൊരു ക്രിക്കറ്ററുടെ കരിയറിലും ഉയ‍ർച്ച താഴ്ചകളുണ്ടാകും. അത് കരിയറിന്‍റെ ഭാഗമാണ്. ഏറെക്കാലം ടീം ഇന്ത്യക്കായി കളിച്ച അദ്ദേഹത്തെ പോലൊരു താരത്തിന്, ഏറെ റണ്‍സ് കണ്ടെത്തിയ ഒരാള്‍ക്ക്, ഏറെ മത്സരങ്ങള്‍ ജയിപ്പിച്ച ഒരാള്‍ക്ക് ഒന്നോ രണ്ടോ ഇന്നിംഗ്സ് മാത്രം മതി ഫോമിലേക്ക് മടങ്ങിയെത്താന്‍. കോലിയെ കുറിച്ച് ഞാന്‍ കാണുന്നത് ഇതാണ്. ക്രിക്കറ്റ് പിന്തുടരുന്ന എല്ലാവ‍ര്‍ക്കും സമാന ചിന്തയായിരിക്കും എന്ന് എനിക്കുറപ്പുണ്ട്' എന്നും ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ഏകദിനത്തിന് ശേഷം രോഹിത് ശ‍ര്‍മ്മ പറഞ്ഞിരുന്നു. 

ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. പക്ഷേ കിംഗ് കോലിയില്‍ നിന്ന് മൂന്നക്കം അകലെനിന്നു. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 

കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി ബാബര്‍ അസം