
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്നെ ഭയപ്പെടുത്തി എതിരാളിയുടെ പേര് തുറന്നു പറഞ്ഞ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍(Shoaib Akhtar). സച്ചിന്‍ ടെന്‍ഡുല്‍ക്കറോ, വീരേന്ദര്‍ സെവാഗോ, രാഹുല്‍ ദ്രാവിഡോ അല്ല അക്തറിനെ ഭയപ്പെടുത്തിയ ഇന്ത്യന്‍ താരമെന്നതാണ് രസകരം. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമൊത്ത് 'സ്പോര്‍ട്സ് കീഡ' ലൈവില്‍ സംസാരിക്കവെയാണ് കരിയറില്‍ തന്നെ ഭയപ്പെടുത്തിയ ഇന്ത്യന്‍ ബാറ്ററുടെ പേര് അക്തര്‍ തുറന്നുപറഞ്ഞത്.
ഐപിഎല്ലില്‍ ഇരുവരുടെയും ഓര്‍മകള്‍ പങ്കുവെച്ചായിരുന്നു പരിപാടിയുടെ തുടക്കം. ഐപിഎല്ലില്‍ ആദ്യ ഹാട്രിക്ക് നേടിയതാരാണെന്ന് ഓര്‍മയുണ്ടോ എന്നായിരുന്നു ഹര്‍ഭജനോടുള്ള അക്തറിന്‍റെ ആദ്യ ചോദ്യം. മൂന്ന് ഓപ്ഷനുകളും അക്തര്‍ നല്‍കി. എല്‍ ബാലാജി, അമിത് മിശ്ര, മകായ എന്‍റിനി. എന്നാല്‍ ഹര്‍ഭജന്‍റെ ഉത്തരം അമിത് മിശ്ര എന്നായിരുന്നു. ഉത്തരം തെറ്റാണെന്ന് പറഞ്ഞ അക്തര്‍ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കിനുടമ എല്‍ ബാലാജി ആണെന്ന് വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍ കിംഗ്സിനുവേണ്ടി കളിച്ച ബാലാജി പഞ്ചാബ് കിംഗ്സിന്‍റെ(കിംഗ്സ് ഇലവന്‍ പഞ്ചാബ്) താരങ്ങളായിരുന്ന ഇര്‍ഫാന്‍ പത്താന്‍, പിയൂഷ് ചൗള, വി ആര്‍ വി സിംഗ് എന്നിവരെ പുറത്താക്കിയാണ് ബാലാജി ഐപിഎല്ലിലെ ആദ്യ ഹാട്രിക്കിന് ഉടമയായതെന്ന് വ്യക്തമാക്കി. അതിനുശേഷമായിരുന്നു തനിക്കേറ്റവും പേടിയുള്ള എതിരാളി ബാലാജി(L Balaji), ആണെന്ന് വെളിപ്പെടുത്തിയത്.
എനിക്കെതിരെ കളിക്കുന്നത് സച്ചിന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇന്ത്യന്‍ ടീമിലെ ആര്‍ക്കും എന്നെ നേരിടുന്നത് വലിയ വെല്ലുവിളി ആയിരുന്നു. പക്ഷെ ഈ ബാലാജി വാലറ്റത്ത് ഇറങ്ങി എനിക്കെതിരെ തുടര്‍ച്ചയായി സിസ്കുകള്‍ പായിച്ചുകൊണ്ടിരുന്നു-അക്തര്‍ പറഞ്ഞു. 2004ല്‍ ഇന്ത്യയുടെ പാക്കിസ്ഥാന്‍ പര്യടനത്തിലായിരുന്നു ബാലാജിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആരാധകര്‍ കണ്ടത്.
ഏകദിന പരമ്പര 2-2 തുല്യതയില്‍ നില്‍ക്കെ ലാഹോറില്‍ നടന്ന നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ അക്തറിന്‍റെ പന്തുകൊണ്ട് ബാലാജിയുടെ ബാറ്റ് പൊട്ടിയിരുന്നു. ഇതിനുശേഷം പുതിയ ബാറ്റെടുത്ത ബാലാജി അക്തറിനെ സിക്സിന് പറത്തുകയായിരുന്നു. ഇര്‍ഫാന്‍ പത്താനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ബാലാജി ഇന്ത്യക്ക് 293-7 എന്ന മികച്ച സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍മായക പങ്കുവഹിച്ചു. മത്സരം ജയിച്ച ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു.