'20 അംഗ ടീമില്‍ 22 പേസര്‍മാരോ?'; പാക് ടീം മാനേജ്മെന്റിനെതിരെ തുറന്നടിച്ച് അക്തര്‍

By Web TeamFirst Published Jul 29, 2020, 9:45 PM IST
Highlights

പാക് നായകനായ അസ്ഹര്‍ അലിയില്‍ എന്തായാലും അക്രമണോത്സുകതയൊന്നും താന്‍ കാണുന്നില്ലെന്നും അക്തര്‍ പറഞ്ഞു. പേസര്‍മാരായ നസീം ഷായെയും ഷഹീന്‍ അഫ്രീദിയെയും പാക്കിസ്ഥാന്‍ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്നും അക്തര്‍.

കറാച്ചി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനെക്കുറിച്ച് തുറന്നടിച്ച് മുന്‍ താരം ഷൊയൈബ് അക്തര്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ പേസര്‍മാരെ കുത്തിനിറച്ച ടീം മാനേജ്മെന്റിനറെ തെറ്റായ നടപടിക്കെതിരെ ആണ് അക്തറിന്റെ വിമര്‍ശനം. മുന്‍ താരം റഷീദ് ലത്തീഫുമായി ജിയോ ക്രിക്കറ്റില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു പാക് ടീം മാനേജ്മെന്റിന്റെ മോശം സെലക്ഷനെ അകതര്‍ വിമര്‍ശിച്ചത്.

ഞാന്‍ അറിയാത്തതുകൊണ്ടാണ് ചോദിക്കുന്നത്. ഇവരെന്താണ് ഈ ചെയ്യുന്നത്, ഇംഗ്ലണ്ട് പര്യടനത്തിന് പ്രഖ്യാപിച്ച 20 അംഗ ടീമില്‍ 22 പേസര്‍മാരുണ്ടല്ലോ. ഇവരിലാരെയാകും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുക. കാത്തിരുന്നു കാണുകയെ നിര്‍വാഹമുള്ളു. എന്താണ് ടീം മാനേജ്മെന്റ് ഉദ്ദേശിക്കുന്നത് എന്നോ, എത്തരത്തിലുള്ള പിച്ചുകളിലായിരിക്കും അവിടെ കളിക്കേണ്ടി വരികയെന്നോ ഇവര്‍ക്ക് ഒരു ധാരണയും ഇല്ല. ടീം ലിസ്റ്റ് വരുമ്പോള്‍ മാത്രമെ അവരെന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുകയുള്ളു. ഈ നിമിഷം വരെയ്ക്കും നമുക്ക് ഒന്നും അറിയില്ല-അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന്‍ ആക്രമണോത്സുകത പുറത്തെടുക്കുമോ പ്രതിരോധാത്മക സമീപനമായിരിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അക്തര്‍ പറഞ്ഞു. പാക് നായകനായ അസ്ഹര്‍ അലിയില്‍ എന്തായാലും അക്രമണോത്സുകതയൊന്നും താന്‍ കാണുന്നില്ലെന്നും അക്തര്‍ പറഞ്ഞു. പേസര്‍മാരായ നസീം ഷായെയും ഷഹീന്‍ അഫ്രീദിയെയും പാക്കിസ്ഥാന്‍ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്നും ടീം തെരഞ്ഞെടുപ്പിലെ പിഴവ് മൂലം അന്തിമ ഇലവനെ തെരഞ്ഞെടുക്കുക എന്നത് ടീം മാനേജ്മെന്റിന് കനത്ത വെല്ലുവിളിയായിരിക്കുമെന്നും അക്തര്‍ പറഞ്ഞു.

40 പേരടങ്ങുന്ന ടീമിനെ അയച്ചാലും അതില്‍ നിന്ന് മികച്ച ടീമിനെ സെലക്ട് ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആദ്യ പന്ത് മുതല്‍ സമ്മര്‍ദ്ദത്തിലാക്കിയാല്‍ മാത്രമെ ഇംഗ്ലണ്ടിനെ വീഴ്ത്താനാവു എന്നും അക്തര്‍ പറഞ്ഞു.

click me!