'ഹഫീസ് ഉദാഹരണം, ആമിറിന് പക്വത കാണിക്കാമായിരുന്നു'; ഉപദേശവുമായി ഷൊയ്ബ് അക്തര്‍

By Web TeamFirst Published May 26, 2021, 2:41 PM IST
Highlights

അടുത്തിടെ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ ആമിര്‍ ബ്രിട്ടീഷ് പൗര്വത്തത്തിന് അപേക്ഷിച്ചിരുന്നു. ഇപ്പോള്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍.

കറാച്ചി: 2020 ഡിസംബറിലാണ് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്നുമുതല്‍ താരത്തിനൊപ്പം വിവാദങ്ങളുണ്ട്. പിന്നാലെ പാക് കോച്ച് മിസ്ബ ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവരുമായി തെറ്റിപ്പിരിഞ്ഞ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാക് ക്രിക്കറ്റില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് താരം സ്വന്തം രാജ്യവുമായുള്ള ക്രിക്കറ്റ് ബന്ധം താരം ഉപേക്ഷിച്ചത്.

അടുത്തിടെ ഇംഗ്ലണ്ടിലേക്ക് താമസം മാറിയ ആമിര്‍ ബ്രിട്ടീഷ് പൗര്വത്തത്തിന് അപേക്ഷിച്ചിരുന്നു. ഇപ്പോള്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ആമില്‍ കുറച്ചുകൂടെ പക്വത കാണിക്കണമായിരുന്നുവെന്നാണ് അക്തര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''ചിലപ്പോള്‍ നല്ല ദിവസങ്ങളുണ്ടാവും, ചിലപ്പോള്‍ മോശം സമയമായിരിക്കും. സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു മിക്കീ അര്‍തര്‍ (മുന്‍ പാക് കോച്ച്) എപ്പോഴും കൂടെയുണ്ടാവില്ലെന്ന് ആമിര്‍ ഓര്‍ക്കണമായിരുന്നു. സാഹചര്യത്തിനൊത്ത് വളരണം. തന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം എല്ലാവരും നില്‍ക്കുന്ന യാഥാര്‍ത്ഥ്യം ആമിര്‍ മനസിലാണമായിരുന്നു. കഠിനാധ്വാനത്തിലൂടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ആമിര്‍ ചെയ്യേണ്ടിയിരുന്നത്.'' അക്തര്‍ പറഞ്ഞു. 

മുഹമ്മദ് ഹഫീസ് എന്നൊരു വലിയ ഉദാഹരണം ആമിറിന് മുന്നിലുണ്ടായിരുന്നുവെന്നും  അക്തര്‍ കൂട്ടിച്ചേര്‍ത്തു. ''ടീം മാനേജ്‌മെന്റിന് ഹഫീസിനോടും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹഫീസ് ചെയ്തത് നോക്കൂ. പരിശീലനം കടുപ്പിച്ച ഹഫീസ് കൂടുതല്‍ റണ്‍സ് കണ്ടെത്തുകയാണ് ചെയ്തത്. ആമിര്‍ ഹഫീസില്‍ നിന്ന് പഠിക്കണമായിരുന്നു.'' അക്തര്‍ പറഞ്ഞുനിര്‍ത്തി. 

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്ന് ആമിര്‍ അറിയിച്ചിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സിന് വേണ്ടി ശേഷിക്കുന്ന മത്സരങ്ങള്‍ താരം കളിക്കും. ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റില്‍ കെന്റിന്റെ താരമാണ് ആമിര്‍.

click me!