IND vs ENG : രണ്ട് പേരില്‍ ഒരാളോട് സംസാരിച്ചാല്‍ ഫോമിലെത്താം; കോലിക്ക് വഴിപറഞ്ഞ് കൊടുത്ത് മുന്‍താരം

By Jomit JoseFirst Published Jul 16, 2022, 11:50 AM IST
Highlights

കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു

മാഞ്ചസ്റ്റര്‍: ഫോമില്ലായ്‌മയുടെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) ഉപദേശവുമായി ഇംഗ്ലീഷ് മുന്‍താരം മോണ്ടി പനേസര്‍(Monty Panesar). ഫോമിലേക്ക് തിരിച്ചെത്താന്‍ കോലി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെയോ(Sachin Tendulkar) ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗിന്‍റേയോ(Yuvraj Singh) സഹായം തേടിയാല്‍ മതിയെന്നാണ് പനേസര്‍ പറയുന്നത്. 

'സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി വിരാട് കോലി സംസാരിക്കണം. സച്ചിനെ ഏറെ ബഹുമാനിക്കുന്നയാളാണ് കോലി. യുവ്‌രാജ് സിംഗുമായും സംസാരിക്കാവുന്നതാണ്. യുവിയെ ഉന്നതസ്ഥാനങ്ങളില്‍ കാണുന്നയാളാണ് കോലി. ഈ രണ്ടുപേര്‍ക്കും കോലിയെ സഹായിക്കാന്‍ കഴിയും' എന്നും മോണ്ടി പനേസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

കോലിക്ക് ഇതെന്ത് പറ്റി?

ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ. മുപ്പത്തിമൂന്നുകാരനായ കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 

ഇംഗ്ലണ്ട് പര്യടനത്തിലും മോശം ഫോമിലാണ് വിരാട് കോലി. ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. മാഞ്ചസ്റ്ററില്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനം കോലിക്ക് നിര്‍ണായകമാണ്. 

'കോലിയുടെ ഫോമില്ലായ്‌മ പരിഹരിക്കാന്‍ സച്ചിനാകും, വിളിക്കണം'; ശ്രദ്ധേയ നിര്‍ദേശവുമായി അജയ് ജഡേജ

click me!